കൽപ്പറ്റ : വയനാട് ദുരന്തത്തിന്‍റെ പേരിൽ കോഴിക്കോട് യൂത്ത് കോൺഗ്രസിൽ പോര്. കെഎസ്‍യു സംസ്ഥാന നേതാവിന്‍റെ പേരില്‍ പണം പിരിച്ച ശേഷം യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് അത് വകമാറ്റി ചെലവഴിച്ചെന്ന് കാട്ടി മണ്ഡലം പ്രസിഡന്‍റ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. സംഭവം വിവാദമായതോടെ ഇത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് വിശദീകരണവുമായി മണ്ഡലം കമ്മറ്റി നേതൃത്വം രംഗത്തെത്തി.
യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് അശ്വിന്‍ എടവലത്ത്, പ്രവര്‍ത്തകനായ അനസ് എന്നിവര്‍ വയനാട് ദുരിതാശ്വാസത്തിന്‍റെ പേരില്‍ പണ പിരിവ് നടത്തിയതായാണ് മണ്ഡലം പ്രസിഡന്‍റ് അജല്‍ ദിവാനന്ദ് സംസ്ഥാന നേതൃത്വത്തിനു നൽകിയ പരാതിയില്‍ പറയുന്നത്. ചേളന്നൂരില്‍ അവശ്യ വസ്തുക്കളുടെ സമഹാരണത്തിനായി നടത്തിയ പേപ്പര്‍ ചലഞ്ചില്‍ പങ്കെടുക്കാതിരുന്ന ഇരുവരും നേരത്തെ പിരിച്ച തുക വകമാറ്റി ചെലവഴിച്ചതായും പരാതിയിലുണ്ട്. സംഘടനയുടെ പേരില്‍ നാട്ടില്‍ ചലഞ്ച് നടത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കിയ ഇരുവര്‍ക്കുമെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി പുറത്തായതോടെയാണ് വിവാദം കടുത്തത്.
എന്നാല്‍ അടിസ്ഥാന രഹിതമായ പരാതി ഉന്നയിച്ചതിന് മണ്ഡലം പ്രസിഡന്‍റിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കുമെന്ന് അശ്വിന്‍ പറഞ്ഞു. സംഭവം വിവാദമായതോടെ മുതിര്‍ന്ന നേതാക്കൾ ഇടപെട്ടു. പിന്നാലെ ഇങ്ങനെയൊരു പരാതിയേ ഉണ്ടായിട്ടില്ലെന്ന് കാട്ടി പരാതിക്കാരനായ മണ്ഡലം പ്രസിഡന്‍റ് വാര്‍ത്താക്കുറിപ്പിറക്കി. ചേളന്നൂരില്‍ നിന്നും ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം.