
കൊച്ചി: ക്രൈം വാരികയുടെ എഡിറ്റർ ടി പി നന്ദകുമാർ തന്‍റെ ജീവിതം തകർത്തെന്ന് ആരോപിച്ച് ആത്മഹത്യക്കു ശ്രമിച്ച് യുവതി. ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ നാട്ടുകാർ തടയുകയായിരുന്നു. ക്രൈം നന്ദകുമാറിന്‍റെ ഓഫീസിലെ മുൻ ജീവനക്കാരിയാണ് ഈ യുവതി. ആത്മഹത്യാ ശ്രമത്തിനു പിന്നാലെ യുവതിയെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. തന്നെക്കുറിച്ചുള്ള വാർത്തകൾ നന്ദകുമാർ ചാനലിൽ നൽകിയെന്നും മകളുടെ അടക്കം ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയെന്നും നേരത്തെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു.