ഏത് സമൂഹത്തിന്‍റെയും മുന്നേറ്റത്തിന്‍റെ മാനദണ്ഡം സ്ത്രീ ശാക്തീകരണം: മന്ത്രി വീണാ ജോര്‍ജ്

സ്വന്തം വീടുകളില്‍ പോലും ചൂഷണത്തിന് ഇരയാവുന്ന പെണ്‍കുട്ടികള്‍ ഉണ്ടെന്നും സമൂഹത്തിന്‍റെ സഹായം ആവശ്യമായവരെ നാം ചേര്‍ത്തുനിര്‍ത്തണമെന്നും മന്ത്രി പറഞ്ഞു
ഏത് സമൂഹത്തിന്‍റെയും മുന്നേറ്റത്തിന്‍റെ മാനദണ്ഡം സ്ത്രീ ശാക്തീകരണം: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : ഏതു സമൂഹത്തിന്‍റെയും മുന്നേറ്റത്തിന്‍റെ മാനദണ്ഡം സ്ത്രീകളുടെ മുന്നേറ്റവും സ്ത്രീ ശാക്തീകരണവുമാണെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നിര്‍ഭയ സെല്ലിന്‍റെ നേതൃത്വത്തില്‍ കോന്നിയില്‍ ആരംഭിച്ച പെണ്‍കുട്ടികള്‍ക്കായുള്ള എന്‍ട്രി ഹോമിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കോന്നി ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് ടി.വി.എം ആശുപത്രി അങ്കണത്തില്‍ എന്‍ട്രി ഹോം പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക ശാക്തീകരണം ലക്ഷ്യം വച്ചുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്നും, ജെന്‍ഡര്‍ ഓഡിറ്റിംഗ്, ജെന്‍ഡര്‍ ബജറ്റ് തുടങ്ങിയവയും ഇതിന്‍റെ ഭാഗമായാണ് നിലവില്‍ വന്നതെന്നും മന്ത്രി പറഞ്ഞു.

അതിക്രമങ്ങള്‍ നേരിട്ടിട്ടുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും പുനരധിവസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള സുരക്ഷിതമായ ഇടങ്ങള്‍ ഉണ്ടാവുക എന്നത് സര്‍ക്കാരിന്‍റെ പ്രധാന ഉത്തരവാദിത്തങ്ങളില്‍ ഒന്നാണ്. ജീവിതത്തിന്‍റെ ഏറ്റവും പരുക്കന്‍ യാഥാര്‍ഥ്യങ്ങളിലൂടെയും തിക്താനുഭവങ്ങളിലൂടെയും കടന്ന് വന്നിട്ടുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ് ഈ എന്‍ട്രി ഹോമുകള്‍. സ്വന്തം വീടുകളില്‍ പോലും ചൂഷണത്തിന് ഇരയാവുന്ന പെണ്‍കുട്ടികള്‍ ഉണ്ടെന്നും സമൂഹത്തിന്‍റെ സഹായം ആവശ്യമായവരെ നാം ചേര്‍ത്തുനിര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. എന്‍ട്രി ഹോം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ ഉടമയായ ലൂസി ജോര്‍ജിനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.

കോന്നിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുതിയ മുഖമായി മാറാന്‍ ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അതിനാലാണ് ഈ വലിയ ഉത്തരവാദിത്തം സംഘടനയെ ഏല്‍പ്പിച്ചതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

'എവിടെയുമെനിക്കൊരു വീടുണ്ട്' എന്നു തുടങ്ങുന്ന ഒ.എന്‍.വി കുറുപ്പിന്‍റെ വീടുകള്‍ എന്ന കവിതയിലെ വരികള്‍ ചൊല്ലിയാണ് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണം തുടങ്ങിയത്. ജീവിതത്തില്‍ എന്തെല്ലാം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാലും, സുരക്ഷിതമായി പാര്‍ക്കാന്‍ ഒരു വീടുണ്ടെന്ന പ്രതീക്ഷയും ആത്മവിശ്വാസവും ഈ സ്ഥാപനത്തിലേക്ക് വന്നേക്കാവുന്ന ഓരോ കുഞ്ഞിനും ഉണ്ടാവും എന്നും കളക്ടര്‍ പറഞ്ഞു.

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി സജി, വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. മോഹനന്‍ നായര്‍, കോന്നി ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗീസ് ബേബി, വാര്‍ഡ് അംഗം കെ.ജി. ഉദയകുമാര്‍, സിഡബ്ല്യുസി ചെയര്‍മാന്‍ അഡ്വ. എന്‍. രാജീവ്, പി.ആര്‍.പി.സി. ചെയര്‍മാന്‍ കെ.പി ഉദയഭാനു, ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാല്‍, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീലാ മേനോന്‍, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ യു. അബ്ദുല്‍ ബാരി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നീതാ ദാസ്, സൊസൈറ്റി ബോര്‍ഡ് അംഗങ്ങള്‍, സി.ഡബ്ല്യു.സി അംഗങ്ങള്‍, വാര്‍ഡ് അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com