കുസാറ്റ് 5 ജി ലാബിൻ്റെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു

ഡല്‍ഹിയില്‍ നടക്കുന്ന 7-ാമത് മൊബൈല്‍ കോണ്‍ഗ്രസിൻ്റെ ഉദ്ഘാടനവേദിയില്‍ വെച്ചാണ് ലാബിൻ്റെ പ്രഖ്യാപനം നടത്തിയത്
കുസാറ്റ് 5 ജി ലാബിൻ്റെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഇലക്ട്രോണിക്‌സ് വകുപ്പില്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടെലി കമ്യൂണിക്കേഷന്‍സിൻ്റെ സഹായത്തോടെ ആരംഭിക്കുന്ന 5 ജി ലാബിൻ്റെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു. രാജ്യത്തിൻ്റെ ഡിജിറ്റല്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിൻ്റെ ഭാഗമായാണ് തെരഞ്ഞെടുത്ത 100 അക്കാദമിക് ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ 5ജി ലാബുകള്‍ ഒരുക്കിയിട്ടുള്ളത്. ഡല്‍ഹിയില്‍ നടക്കുന്ന 7-ാമത് മൊബൈല്‍ കോണ്‍ഗ്രസിൻ്റെ ഉദ്ഘാടനവേദിയില്‍ വെച്ചാണ് ലാബിൻ്റെ പ്രഖ്യാപനം നടത്തിയത്.

നോഡല്‍ ഓഫീസര്‍ പ്രൊഫ.(ഡോ.) സുപ്രിയ എം.എച്ച്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നേരിട്ട് പങ്കെടുത്തു. കുസാറ്റ് സെമിനാര്‍ കോംപ്ലക്‌സിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ തത്സമ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി വൈസ് ചാന്‍സലര്‍ ഡോ. പി. ജി. ശങ്കരന്‍, ഡോ. മീര വി., രജിസ്ട്രാര്‍, ഡോ. ബെഞ്ചമിന്‍ പി. വര്‍ഗീസ്, പരീക്ഷാ കണ്‍ട്രോളര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍, ഡീന്‍, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍, കുസാറ്റിലെ ഫാക്കല്‍റ്റി അംഗങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിലെയും എറണാകുളത്തെ ബി.എസ്.എന്‍.എല്ലിലേയും ഉന്നത ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ അഭിസംബോധന ചെയ്തു.

ഉദ്ഘാടന ചടങ്ങിന് ശേഷം കുസാറ്റ് ഐഇഇഇ കൊച്ചി ഉപവിഭാഗവുമായി സഹകരിച്ച് 5ജി സാങ്കേതികവിദ്യകളിലെ പുരോഗതികളും ഉപയോഗ കേസുകളും സംബന്ധിച്ച സാങ്കേതിക ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ വയര്‍ലെസ് ടെക്‌നോളജിയിലെ ലീഡ് റിസര്‍ച്ച് എഞ്ചിനീയര്‍ ഡോ. ദീപക് പി. എം., യുകെയിലെ വിയവി സൊല്യൂഷന്‍സിലെ ആര്‍ടിഎല്‍ എഫ്പിജിഎയിലെ ഡിസൈന്‍ എഞ്ചിനീയര്‍ ദ്വിജിത്ത് രാജഗോപാലന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

5 ജി ലാബ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്കും കുസാറ്റിനു ചുറ്റുമുള്ള സ്റ്റര്‍ട്ടപ്പ് കമ്പനികള്‍ക്കും എംഎസ്എംഇകള്‍ക്കും 5ജി സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും. ആഗോള ഡിജിറ്റല്‍ എക്കോസിസ്റ്റവുമായി ബന്ധിപ്പിക്കുന്ന പ്രധാനകണ്ണിയാണ് ഈ ലാബ്. കേരളത്തില്‍ കുസാറ്റിനു പുറമേ ഐഐഎസ്ടി, ഐഐടി, എന്‍ഐടി, എന്നിവയ്ക്ക് മാത്രമാണ് 5 ജി ലാബ് അനുവദിച്ചിട്ടുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com