ഉദ്ഘാടനം കഴിഞ്ഞ് 8 മാസമായിട്ടും ഷീ ലോഡ്ജ് പ്രവർത്തനം ആരംഭിച്ചില്ല
ഇരിങ്ങാലക്കുട: ഉദ്ഘാടനം കഴിഞ്ഞ് എട്ടു മാസങ്ങൾ പിന്നിട്ടിട്ടും ഷീ ലോഡ്ജിന്‍റെ പ്രവർത്തനമാരംഭിക്കാത്തതിൽ രൂക്ഷ വിമർശനവുമായി നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം രംഗത്ത്. ഇതു സംബന്ധിച്ച ബൈലോ പോലും തയ്യാറാക്കാൻ വളരെ വൈകിയെന്നു പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആർ. വിജയ ആരോപിച്ചു.
കെട്ടിട നമ്പർ പോലും ഇതുവരെയായില്ലെന്നും നമ്പർ കിട്ടാത്ത കെട്ടിടത്തിന്‍റെ ഉദ്ഘാടനം നടത്തിയതു ശരിയല്ലെന്നും പാർലമെന്‍ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ കുറ്റപ്പെടുത്തി. ഉദ്ഘാടനത്തിന് മുൻപായി ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ രണ്ടു ദിവസത്തിനകം നമ്പർ കിട്ടുമെന്നു പറഞ്ഞ സെക്രട്ടറി എല്ലാ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നു സി.സി. ഷിബിൻ ആരോപിച്ചു.
ഫയർ ആൻഡ് സേഫ്റ്റി മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ പണികളും പൂർത്തിയാകാതിരുന്നതിനാലാണു കെട്ടിട നമ്പർ കിട്ടാൻ താമസിക്കുന്നതെന്നും ഉടൻ തന്നെ നമ്പർ കിട്ടുമെന്നും ചെയർപേഴ്സണും സെക്രട്ടറിയും മറുപടി നൽകി.
ഷീ ലോഡ്ജിന്‍റെ പ്രവർത്തനങ്ങൾ കുടുംബശ്രീക്ക് മാത്രമായി നൽകണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കുടുംബശ്രീ അടക്കമുള്ള എല്ലാ വനിതാ സംരംഭകർക്കും ഷീ ലോഡ്ജിന്‍റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ വ്യക്തമാക്കി.