
കോട്ടയം: കെ.എസ് ഇ.ബി ഓഫീസേഴ്സ് അസാസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ വിളംബരമറിയിച്ചുള്ള കലാ ജാഥയ്ക്ക് വൈക്കത്ത് തുടക്കമായി. എസ്.പി.സി.എസ് പ്രസിഡൻ്റ് അഡ്വ. പി.കെ ഹരികുമാർ ജാഥ ഉദ്ഘാടനം ചെയ്തു. ഡോ. എം.ജി.സുരേഷ് കുമാർ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സി.വി ജാൻസി, എം.പി സുദീപ്, കെ.എസ് സജീവ് എന്നിവർ പ്രസംഗിച്ചു. സി. പ്രദീപൻ ജാഥ ക്യാപ്റ്റനും, ഒലീന പാറക്കാടൻ വൈസ് ക്യാപ്റ്റനും സതീഷ് ബാബു ജാഥാ മാനേജരുമാണ്. സംസ്ഥാന സമ്മേളനം 23ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ മാമൻ മാപ്പിള ഹാളിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.
വൈദ്യുതി മേഖലയെയിലെ വർത്തമാനകാല വിഷയങ്ങളെ ആസ്പദമാക്കിയുള്ള കലാവിഷ്കാരം പുത്തൻ രീതിയിലാണ് അണിയറയിൽ തയ്യാറാവുന്നത്. 21 വരെ ജാഥ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തും. ഇന്ന് വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറവിലങ്ങാട്, ഏറ്റുമാനൂർ എന്നിവിടങ്ങളിലാണ് ജാഥ പര്യടനം നടത്തിയത്. ബുധനാഴ്ച രാവിലെ 9ന് പാലാ, 11ന് ഇരാറ്റുപേട്ട , രണ്ടിന് കാഞ്ഞിരപ്പള്ളി, 4ന് പൊൻകുന്നം, 6ന് പാമ്പാടി എന്നിവിടങ്ങളിലും. വ്യാഴാഴ്ച രാവിലെ 9ന് മണർകാട് , 11ന് കറുകച്ചാൽ , 2ന് ചങ്ങനാശേരി, 4ന് കുറിച്ചി, എന്നിവിടങ്ങളിൽ പര്യടനം നടത്തുന്ന ജാഥ കോട്ടയത്ത് സമാപിക്കും.
ഇതോടൊപ്പം സമ്മേളന ഭാഗമായി കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുന്ന നോളജ് ഫെസ്റ്റ് ശാസ്ത്ര പ്രദർശനം രാവിലെ 10.30ന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ഐഎസ്ആർഒ യുടെ ശാസ്ത്ര പ്രദർശന വിഭാഗം തയ്യാറാക്കിയ ശാസ്ത്ര വണ്ടി തിരുനക്കരയിലെ പ്രദർശന നഗരിയിൽ 19 മുതൽ 21 വരെ ഉണ്ടായിരിക്കും.