അങ്കമാലിയിൽ പുലിയിറങ്ങി | Video

മൂക്കന്നൂർ പഞ്ചായത്തിൽപ്പെട്ട ഒലിവ് മൗണ്ട് ഭാഗത്താണ് പുലിയുടെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞത്

ജോയ് മാടശേരി

അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിലുൾപ്പെട്ട ഒലിവ് മൗണ്ട് ഭാഗത്ത് പുലിയിറങ്ങി. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തുള്ള ആഞ്ഞിലിക്കൽ സിജു ഫ്രാൻസിസിന്‍റെ സിസി ടിവി ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.

വീടിനു മുൻപിൽ അൽപ്പനേരം നിന്ന പുലി പിന്നീട് ഓടിമറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രാത്രി ഏകദേശം 11 മണിയോടെയാണ് ദൃശ്യം ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. വനപ്രദേശത്തിന് കിലോമീറ്ററുകൾക്കിപ്പുറം പുലിയെ കാണാനിടയാക്കിയത് നാട്ടുകാരിൽ പരിഭ്രാന്തിക്കു കാരണമായിട്ടുണ്ട്. ഫോറസ്റ്റ് ഓഫിസിൽ വിവരമറിയിച്ചതിലെത്തുടർന്ന് റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മറ്റ് സൂചനകളൊന്നും ലഭ്യമായിച്ചില്ല.

വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ രൂക്ഷമായ വന്യജീവി ശല്യം സംബന്ധിച്ച് നാട്ടുകാർ നിരവധി തവണകളായി അധികൃതർക്കു പരാതി പറയുന്നു. കാട്ടാനകള്‍ കൂട്ടമായി വന്ന് ക്യഷി നശിപ്പിക്കുകയും വന്യമ്യഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് വരുകയും ചെയ്യുന്നത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

ഇപ്പോൾ പുലിയെ കണ്ടതിന് ഏകദേശം ഒരു കിലോമീറ്റർ അകലത്താണ് ഏതാനും വർഷം മുൻപ് റബർ ടാപ്പിങ് തൊഴിലാളി പുലിയുടെ ആക്രമണത്തിനിരയായതും മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞതും.

സിസി ടിവി ക്യാമറയിൽ പതിഞ്ഞ പുലിയുടെ ദൃശ്യം.
സിസി ടിവി ക്യാമറയിൽ പതിഞ്ഞ പുലിയുടെ ദൃശ്യം.

നിരവധി ടൂറിസ്റ്റുകൾ ദിനംപ്രതി എത്തുന്ന ഏഴാറ്റുമുഖം പ്രക‌ൃതിഗ്രാമത്തിലേക്കുള്ള റോഡിൽ വിനോദസഞ്ചാരികൾ പട്ടാപ്പകൽ പോലും അപ്രതീക്ഷിതമായി കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾക്കു മുൻപിൽ പെടുന്നത് സാധാരണമായിക്കഴിഞ്ഞു. പ്ലാന്‍റേഷൻ കോർപ്പറേഷൻ ഭാഗത്ത് രാപകൽ വ്യത്യാസമില്ലാതെയാണ് വന്യമൃഗങ്ങൾ ഇറങ്ങി നടക്കുന്നത്. എണ്ണപ്പന തോട്ടങ്ങളിലാണ് കൂടുതലായും കാട്ടാനകൾ കാണപ്പെടുന്നത്. തൊഴിലാളികളുടെ ക്വാർട്ടേഴ്സിന്‍റെ സമീപത്തും ഇവ കൂട്ടമായി എത്തുന്നു. പ്ലാന്‍റേഷൻ സ്കൂളിനു സമീപമുള്ള റോഡിൽ വന്യമ‌ൃഗഭീഷണിയാൽ മണിക്കൂറുകളോളം സ്കൂൾ കുട്ടികളും ജോലികഴിഞ്ഞു മടങ്ങിയവരും വഴിയിൽ കുടുങ്ങാറുണ്ട്. ആനയുടെ ആക്രമണത്തിൽ നിന്ന് പ്ലാന്‍റേഷൻ തൊഴിലാളികൾ പലപ്പോഴും കഷ്ടിച്ചാണ് രക്ഷപെടുന്നത്. പടക്കം പൊട്ടിച്ചാണ് റബർ തോട്ടത്തിലെ തൊഴിലാളികൾ വന്യമ‌ൃഗങ്ങളെ തുരത്തുന്നത്.

കഴിഞ്ഞ ദിവസമാണ് വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ ഏഴ് വയസുകാരന് ഗുരുതരമായി പരുക്കേറ്റത്. സിരുഗുൺട്ര എസ്റ്റേറ്റിൽ പുറത്ത് കളിക്കുകയായിരുന്ന പ്രദീപ് കുമാർ എന്ന ഏഴ് വയസുകാരനെയാണ് പുലി ആക്രമിച്ചത്.

വൈദ്യുത വേലികൾ സ്ഥാപിക്കുന്നതിന് തുക അനുവദിച്ചു, പ്രവൃത്തികൾ പുരോഗമിക്കുന്നു.
റോജി എം. ജോൺ, എംഎൽഎ

മലയാറ്റൂര്‍, അയ്യമ്പുഴ, മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളിലെ രൂക്ഷമായ വന്യജീവി ശല്യം സംബന്ധിച്ച് പരിഹാര മാർഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റോജി എം. ജോണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വിപുലമായ യോഗം ചേർന്നിട്ട് അധികനാളായില്ല.

ഈ വിഷയം നിരവധി തവണ നിയമസഭയിലും മന്ത്രിതല യോഗങ്ങളിലും ഉന്നയിച്ചതിന്‍റെ ഫലമായി ഏതാനും പ്രദേശങ്ങളില്‍ വൈദ്യുത വേലികള്‍ സ്ഥാപിക്കുന്നതിന് തുക അനുവദിച്ചതായും പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതായും എംഎല്‍എ അറിയിച്ചു. മലയാറ്റൂര്‍-വാഴച്ചാല്‍-ചാലക്കുടി ഫോറസ്റ്റ് ഡിവിഷനുകളിലെ വന്യജീവി ആക്രമണം തടയുന്നതിന് 13.45 കോടി രൂപയുടെ പദ്ധതികള്‍ക്ക് നബാര്‍ഡിന്‍റെ അംഗീകാരം ലഭ്യമായിട്ടുള്ളതാണ്. ഇത് പൂര്‍ത്തിയാകുന്നതോടുകൂടി പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ ഭാഗത്ത് ആവശ്യമായ സ്ഥലങ്ങളില്‍ പൂര്‍ണ്ണമായി വൈദ്യുത വേലികള്‍ സ്ഥാപിക്കാന്‍ കഴിയുന്നതും, വന്യജീവി ആക്രമണത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയുന്നതുമാണ് എന്ന് എംഎൽഎ പറയുന്നു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com