കൃഷിക്കൊപ്പം കളമശേരി കാർഷികോത്സവം; ശ്രദ്ധേയമായി നാട്ടു ചന്ത

കളമശേരിയിലെ തനത് ഉത്പന്നങ്ങളുമായി സജീവമായ് പ്രദർശന വിപണന സ്റ്റാളുകൾ
കൃഷിക്കൊപ്പം കളമശേരി കാർഷികോത്സവം; ശ്രദ്ധേയമായി നാട്ടു ചന്ത

കളമശേരി: കൃഷിക്കൊപ്പം കളമശേരി കാർഷികോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ ജൈവ ഉത്പന്നങ്ങളുമായി സജീവമായിരിക്കുകയാണ് മേളയിലെ വിപണന സ്റ്റാളുകൾ. കളമശ്ശേരിയുടെ മണ്ണിൽ വിളഞ്ഞ ഗുണമേന്മയുള്ള പച്ചക്കറികളും നാട്ടിൽ തന്നെ ഉല്പാദിപ്പിക്കുന്ന മൂല്യവർദ്ധിത വസ്തുക്കളും വാങ്ങുന്നതിനും നിരവധി ആളുകളാണ് കാർഷികോത്സവത്തിന്‍റെ വിപണന സ്റ്റാളുകളിലേക്ക് എത്തുന്നത്. 60 സ്റ്റാളുകളാണ് കാർഷികോത്സവ വേദിയിൽ ഒരുക്കിയിരിക്കുന്നത്.

കളമശ്ശേരി മണ്ഡലത്തിലെ കൃഷിയിടങ്ങളിൽ ഉത്പാദിപ്പിച്ച വിഭവങ്ങൾ വിൽപനക്കെത്തിക്കാൻ വഴിയൊരുക്കി വേദിയിൽ ആദ്യം തന്നെ സജ്ജീകരിച്ചിരിക്കുന്ന നാട്ടുചന്തയാണ് കാർഷികോത്സവത്തിന്‍റെ പ്രധാന ആകർഷണം. മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലെയും രണ്ടു നഗരസഭകളിലെയും സഹകരണ സംഘങ്ങൾ വഴി കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കിയിരിക്കുകയാണ് ഇവിടെ.

കായ, ചേന, മത്തങ്ങ, ക്യാരറ്റ്, ക്യാബേജ്, വഴുതനങ്ങ, കുമ്പളങ്ങ, പീച്ചിങ്ങ,പടവലങ്ങ തുടങ്ങിയ എല്ലാം വിധ പച്ചക്കറികളും ഇവിടെയുണ്ട്. കരുമാലൂർ, ഈസ്റ്റ് കടുങ്ങല്ലൂർ, പടിഞ്ഞാറെ കടുങ്ങല്ലൂർ, മുപ്പത്തടം, വെളിയത്തുനാട്, മാഞ്ഞാലി, കുന്നുകര, നീറിക്കോട്, ആലങ്ങാട്, കൊങ്ങോർപ്പള്ളി, കളമശ്ശേരി, ഏലൂർ, ഏലൂക്കര, ഇടപ്പള്ളി വടക്കുംഭാഗം, തൃക്കാക്കര, ചെറു കടപ്പുറം തുടങ്ങിയ സഹകരണ ബാങ്കുകളുടെ കീഴിലുള്ള സഹകരണ സംഘങ്ങളിലെ കർഷകർ ഉത്പാദിപ്പിച്ച പച്ചക്കറികളാണ് വിപണിയിൽ ഉള്ളത്.

മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സ്വയം സഹായ സംഘങ്ങളുടെ 17 സ്റ്റാളുകൾ മേളയിലുണ്ട്. വിവിധ സഹകരണ സംഘങ്ങൾ ഉല്പാദിപ്പിക്കുന്ന മൂല്യവർദ്ധിത വസ്തുക്കൾക്കും വിപണന സാധ്യത ഒരുക്കുകയാണ് കാർഷികോത്സവം.

കൊടുങ്ങല്ലൂരിന്‍റെ സ്വന്തം കുത്തരിയും, മാഞ്ഞാലി സഹകരണ ബാങ്കിന്‍റെ കൂവ കൊണ്ടുള്ള വിവിധ ഉത്പന്നങ്ങളും വെളിയത്തുനാട് സഹകരണ ബാങ്കിന്റെ ചക്ക , കൂൺ എന്നിവ കൊണ്ടുള്ള ഉത്പന്നങ്ങളും, കുന്നുകര സർവീസ് സഹകരണ ബാങ്കിന്റെ കായ, കപ്പ എന്നിവ കൊണ്ടുള്ള മൂല്യ വർദ്ധിത വസ്തുക്കളും വിപണന സ്റ്റാളുകളിലുണ്ട്. കൊങ്ങോർപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ അഗ്രി എംപോറിയവും ഇടപ്പള്ളി വടക്കുംഭാഗം സഹകരണ ബാങ്കിന്റെ മാലിന്യങ്ങളിൽ നിന്ന് ജൈവവള ഉൽപാദനത്തെ കുറിച്ചുള്ള പ്രദർശന സ്റ്റാളും കാർഷികോത്സവത്തിനുണ്ട്.

മണ്ഡലത്തിലെ സഹകരണ സംഘങ്ങൾ കൂടാതെ സംസ്ഥാനത്ത് മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച പള്ളിയാക്കൽ, ഒക്കൽ, ഭരണിക്കാവ്, വാരപ്പെട്ടി, പള്ളിപ്പുറം തുടങ്ങിയ സഹകരണ ബാങ്കുകളുടെയും സ്റ്റാളുകളും കാർഷികോത്സവത്തിനുണ്ട് . സഹകരണ സംഘങ്ങളുടെ കൂടാതെ കൈത്തറി, ഗാന്ധി വ്യവസായ ബോർഡ്, കയർ ബോർഡ്, വ്യവസായ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ സ്റ്റാളുകളും, സ്വകാര്യ സ്ഥാപനങ്ങളുടെ വിപണികളും സജ്ജീകരിച്ചിട്ടുണ്ട്.

സമീകൃതാഹാരം, ചക്ക, കിഴങ്ങ്, അരി - ഗോതമ്പ്, മില്ലറ്റ്, ആദിവാസി തനത് വിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേള മറ്റൊരാകർഷണമാണ്. കേരളത്തിന്റെ തനത് രുചകളെ പരിചയപ്പെടുത്തുന്ന ഭക്ഷണ വിഭവങ്ങളോട് കൂടിയുള്ള ഭക്ഷ്യ മേള വരും ദിവസങ്ങളിൽ കാർഷികോത്സവത്തിന്റെ മാറ്റുകൂട്ടും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com