എറണാകുളം ഗവ. മെഡിക്കല്‍ കോളെജില്‍ 15 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി; പി. രാജീവ്

മെഡിക്കല്‍ കോളെജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്
മന്ത്രി പി രാജീവിന്‍റെ അധ്യക്ഷതയിൽ കൂടിയ മെഡിക്കൽ കോളെജ് ആശുപത്രി വികസന സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി
മന്ത്രി പി രാജീവിന്‍റെ അധ്യക്ഷതയിൽ കൂടിയ മെഡിക്കൽ കോളെജ് ആശുപത്രി വികസന സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി

കളമശേരി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എറണാകുളം ഗവൺമെന്‍റ് മെഡിക്കല്‍ കോളെജില്‍ 15 കോടിയിലധികം രൂപയുടെ വികസനപ്രവര്‍ത്തനങൾ നടപ്പാക്കിയെന്ന് മന്ത്രി പി. രാജീവ്. മെഡിക്കല്‍ കോളെജില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

മെഡിക്കല്‍ കോളെജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മെഡിക്കല്‍ കോളെജില്‍ നിലവിലുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 15 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. നേരത്തേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമന്ത്രിയുമായി ചേര്‍ന്ന് വിലയിരുത്തിയിരുന്നു. അതിനു ശേഷം അവലോകന യോഗവും ചേര്‍ന്നു. ഇതിന്‍റെ തുടര്‍ച്ചയായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട്. കിഫ്ബി അധികൃതരെ കൂടി പങ്കെടുപ്പിച്ച് ഈ മാസം തന്നെ മന്ത്രിതല യോഗം ചേരും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്‌റ്റോര്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും. ആംബുലന്‍സ് സൗകര്യം വിപുലപ്പെടുത്തും. സുരക്ഷാ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തും. അത്യാധുനിക സൗകര്യങ്ങള്‍ പരമാവധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐ.പി., ഒ.പി., ശസ്ത്രക്രിയ എന്നിവയില്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മെഡിക്കല്‍ കോളെജ് മുന്നോട്ട് പോകുകയാണെന്നും മന്ത്രി പറഞ്ഞു.

2022 സെപ്തംബര്‍ മുതല്‍ 2023 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 4,89,872 രോഗികളാണ് ഒ.പി.യില്‍ എത്തിയത്. 27857 പേര്‍ ഇന്‍പേഷ്യന്‍റ് വിഭാഗത്തില്‍ ചികിത്സ തേടി. മദര്‍ ആന്‍ഡ് ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനീഷ്യേറ്റീവ് അംഗീകാരം ആശുപത്രിക്ക് ലഭിച്ചു. ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ വീട്ടിലേക്കുള്ള ആദ്യ യാത്ര സൗജന്യമായി നല്‍കുന്ന ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ മാതൃയാനം പദ്ധതിനടപ്പാക്കി. അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന് ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ ഭാഗമായി മൂന്ന് നിലകളിലായി 50 ബെഡ് സൗകര്യത്തോടുകൂടി പ്ലാന്‍ ചെയ്തിട്ടുള്ള ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്‍റെ നിര്‍മാണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മെഡിക്കല്‍ കോളെജിന്‍റെ പ്രധാന ബ്ലോക്കുകളെ ബന്ധിപ്പിക്കുന്ന റാമ്പിന്‍റെ നിര്‍മ്മാണം ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ പ്ലാന്‍ ഫണ്ടില്‍ നിന്ന നാല് കോടി രൂപ ചെലവിട്ടു പൂര്‍ത്തീകരിച്ചു. ശിശുരോഗ വിഭാഗ വാര്‍ഡില്‍ 2.25 കോടി രൂപ ചെലവില്‍ മികവിന്‍റെ കേന്ദ്രം പണിതു. മണിക്കൂറില്‍ 1300 ടെസ്റ്റുകള്‍ ചെയ്യാന്‍ കഴിയുന്ന 1.8 കോടി രൂപ വിലമതിക്കുന്ന ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസര്‍ റീഏജന്‍റ് കരാര്‍ അടിസ്ഥാനത്തില്‍ സ്ഥാപിച്ചു. ആധുനിക മൊബൈല്‍ റേഡിയോഗ്രാഫി യൂണിറ്റ് ഹോസ്പിറ്റല്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് 1.8 കോടി രൂപ ചെലവിട്ട് സ്ഥാപിച്ചു. പ്ലാന്‍ ഫണ്ടില്‍ നിന്ന് 1.65 കോടി രൂപ ചെലവഴിച്ചു പ്രധാന ബ്ലോക്കുകളിലെ നാല് ലിഫ്റ്റുകള്‍ മാറ്റി പുതിയത് സ്ഥാപിച്ചു. വനിതാ വിശ്രമ കേന്ദ്രത്തിന്‍റെ പണി പ്ലാന്‍ ഫണ്ടില്‍ നിന്ന് 56 ലക്ഷം രൂപ ചെലവഴിച്ചു പൂര്‍ത്തീകരിച്ചു. നേത്രരോഗ വിഭാഗത്തില്‍ ഫാക്കോ ഇമ്മല്‍സിഫിക്കേഷന്‍ യന്ത്രം പ്ലാന്‍ ഫണ്ടില്‍ നിന്നും 46 ലക്ഷം രൂപ ചെലവിട്ട് സ്ഥാപിച്ചു. ഓപ്പറേഷന്‍ തിയേറ്ററില്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ ചെലവിട്ട് സി -ആം മെഷീന്‍ സ്ഥാപിച്ചു.

നേത്രരോഗ വിഭാഗത്തില്‍ റെറ്റിനല്‍ ലേസര്‍ മെഷീന്‍ ഹോസ്പിറ്റലിന്‍റെ തനത് ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ മുടക്കി സ്ഥാപിച്ചു. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിന് ഹൈബി ഈഡന്‍ എം. പി യുടെ വികസന ഫണ്ടില്‍ നിന്നും 20.86 ലക്ഷം രൂപ ചെലവാക്കി ബസ് അനുവദിച്ചു. മന്ത്രി പി. രാജീവിന്‍റെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ച് ഫുഡ് കോര്‍ട്ട് നിര്‍മാണം പൂര്‍ത്തീകരിച്ചു. മാസത്തില്‍ 2700 - ഓളം രോഗികള്‍ക്ക് ഡയാലിസിസ് സേവനം നല്‍കി വരുന്നു. അതിനായി പുതിയ മൂന്ന് ഡയാലിസിസ് മെഷീനുകള്‍ 20 ലക്ഷം രൂപയുടെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് വാങ്ങി സ്ഥാപിച്ചു. അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കുന്നതിനും മൃഗങ്ങളില്‍ നിന്ന് മുറിവേല്‍ക്കുന്നവര്‍ക്ക് താമസമില്ലാതെ ചികിത്സ ലഭിക്കുന്നതിനും പ്രിവന്റീവ് ക്ലിനിക് 15 ലക്ഷം രൂപ മുടക്കി പണികഴിപ്പിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവിട്ട് ക്രഷ് യൂണിറ്റ് പണിതു. ഒ.പി .യില്‍ എത്തുന്ന രോഗികള്‍ക്ക് ലാബ് പരിശോധനകള്‍ നടത്തുന്നതിനു ബ്ലഡ് കളക്ഷന്‍ യൂണിറ്റ് ആശുപത്രി വികസന സൊസൈറ്റി ഫണ്ടില്‍ നിന്ന് 13 ലക്ഷം രൂപ ചെലവഴിച്ച് ആരംഭിച്ചു. നേത്രരോഗ വിഭാഗത്തില്‍ നോണ്‍ കോണ്‍ടാക്റ്റ് ടോണോമീറ്റര്‍ സി.എസ്.ആർ. ഫണ്ടില്‍ നിന്നും 7 ലക്ഷം രൂപ ചെലവിട്ട് സ്ഥാപിച്ചു. ലേബര്‍ റൂമിനോട് ചേര്‍ന്ന് അടിയന്തര ഓപ്പറേഷന്‍ തിയേറ്റര്‍ മെഡിക്കല്‍ കോളെജിലെ തനത് ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ മുടക്കി സ്ഥാപിച്ചു.

ശസ്ത്രക്രിയക്ക് ശേഷം രോഗികളെ കിടത്തുന്നതിന് പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് 93 ലക്ഷം രൂപ മുടക്കി സജ്ജീകരിച്ചു. ടു വേ കമ്മ്യൂണിക്കേഷന്‍, ഡിജിറ്റല്‍ പെയ്‌മെന്‍റ്, ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തി. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഇ ഹെല്‍ത്ത് ആരംഭിച്ചു. ഓഫീസ് ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നു. ആധുനിക ഓഡിയോളജി റൂം നവീകരണം പൂര്‍ത്തീകരിച്ചു വരുന്നു. പ്ലാന്‍ ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ ചെലവാക്കി വാര്‍ഡുകളുടെ നവീകരണവും നടത്തി. അഡ്മിനിസ്റ്റ്റീവ് ബ്ലോക്കിലെ സി സി എം ഹാളിൽ നടന്ന യോഗത്തിൽ കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ്, മെഡിക്കൽ കോളെജ് പ്രിൻസിപ്പാൾ ഡോ. എസ്. പ്രതാപ് , സൂപ്രണ്ട് ഡോ.എം. ഗണേഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com