കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും എൻഎസ്എസ് പ്രതിനിധി സഭാംഗവുമായിരുന്ന കാണക്കാരി രവി (ടി.കെ.രവീന്ദ്രൻ നായർ -84) അന്തരിച്ചു. കോട്ടയം പഴയ സെമിനാരി ഭാഗത്ത് മുട്ടത്ത് വീട്ടിലായിരുന്നു താമസം. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ. 1963 മുതൽ മാതൃഭൂമി പ്രസ്ഥാനത്തിന്‍റെ ഭാഗമായ രവി, മാതൃഭൂമിയുടെ ഓഫീസ് വിഭാഗത്തിലും, ലേഖകനായും കോട്ടയം, കോഴിക്കോട് യൂണിറ്റുകളിൽ ഏറെക്കാലം പ്രവർത്തിച്ചു.
കോട്ടയത്തെ പൊതുരംഗത്തെ തിളക്കമുള്ള വ്യക്തിത്വവുമായിരുന്ന രവി, മാതൃഭൂമിയുടെ ഏറ്റുമാനൂർ പ്രാദേശിക ലേഖകനായിട്ടാണ് മാധ്യമ പ്രവർത്തനം തുടങ്ങിയത്. ലൈനറായും ടെലിപ്രിന്‍റർ ഓപ്പറേറ്ററായുമൊക്കെ പല തസ്തികകളിൽ പിന്നീട് പ്രവർത്തിച്ചു. മന്നത്ത് പത്മനാഭന്‍റെ നിർദേശപ്രകാരം മലയാളി എന്ന പത്രത്തിന്‍റെ ലേഖകനായി കുറച്ച് നാൾ പ്രവർത്തിച്ചു.
മന്നത്ത് പത്മനാഭൻ മാതൃഭൂമി മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടത് പ്രകാരമാണ് ഈ മാറ്റമുണ്ടായത്. മാറ്റം നടന്നെങ്കിലും രവിയ്ക്ക് താത്പര്യമില്ലാത്ത കാര്യം മന്നവും മാതൃഭൂമിയും തിരിച്ചറിഞ്ഞതോടെ വേഗം മാത്യഭൂമിയിലേക്ക് മടങ്ങി. മാതൃഭൂമി സ്റ്റഡിസർക്കിളിന്‍റെയും ആദ്യം മുതലുള്ള പ്രവർത്തകനാണ്.
ഭാര്യ: അംബികാദേവി. മക്കൾ:എം.ആർ രാജേഷ് (കനേഡിയൻ സോഫ്ട് വെയർ കമ്പനി ഡയറക്ടർ, ബാംഗ്ളൂർ), രഞ്ചു സന്തോഷ് (മുംബൈ). മരുമക്കൾ: ശ്രീ (ശാരി -ബാംഗ്ളൂർ), സി. സന്തോഷ് കുമാർ (സ്വകാര്യ കമ്പനി ഡെപ്യൂട്ടി ജനറൽ മാനേജർ,മുംബൈ).