
ജിബി സദാശിവൻ
കൊച്ചി: കൊച്ചിയിൽ തൃക്കാക്കര ആസ്ഥാനമായി കേന്ദ്രീയ വിദ്യാലയം എന്ന സ്വപ്നം ഇപ്പോഴും ഫയലിൽ ഉറങ്ങുന്നു. സർക്കാർ ചുവപ്പ്നാടയും രാഷ്‌ട്രീയ സമ്മർദം ഇല്ലാത്തതുമാണ് പദ്ധതി വൈകിക്കുന്നതെന്ന ആക്ഷേപം വ്യാപകമാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനും സമ്മർദങ്ങൾക്കും ശേഷമാണ് കേന്ദ്രീയ വിദ്യാലയം കൊച്ചിക്ക് അനുവദിക്കപ്പെട്ടത്. എന്നാൽ റവന്യു വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും പുലർത്തുന്ന നിസംഗത കേന്ദ്രീയ വിദ്യാലയ സ്വപ്നം യാഥാർഥ്യമാകുന്നതിനു തടസം നിൽക്കുകയാണ്.
2019 ലാണ് കേന്ദ്രസർക്കാർ കൊച്ചിക്ക് കേന്ദ്രീയ വിദ്യാലയം അനുവദിച്ചത്. ഉദ്യോഗസ്ഥതല വീഴ്ചയും രാഷ്‌ട്രീയ നേതൃത്വത്തിന്‍റെ ഇച്ഛാശക്തിയില്ലായ്മയുമാണ് പദ്ധതിക്ക് പ്രതിബന്ധമായത്. ക്ലാസുകൾ ആരംഭിക്കുന്നതിനായി താത്ക്കാലിക കെട്ടിടവും കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനായി സ്ഥലവും കണ്ടെത്തുന്നതിന് സഹായിക്കണം എന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ മെയ് മാസവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു.
പദ്ധതിക്കായി തെങ്ങോട് എന്ന സ്ഥലത്ത് ആറ് ഏക്കർ സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സ്ഥലം അനുയോജ്യമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം ജൂൺ 27 ന് ലാൻഡ് റവന്യു കമ്മീഷണർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ അടിസ്ഥാന നികുതി രജിസ്റ്റർ ഈ സ്ഥലം പുറമ്പോക്ക് കുളമായി രേഖപ്പെടുത്തിയിട്ടുള്ളതിനാൽ റവന്യു വകുപ്പ് അനുമതി ലഭിച്ചാലേ തൃക്കാക്കര നഗരസഭയ്ക്ക് സ്ഥലം അനുവദിക്കാൻ കഴിയുമായിരുന്നുള്ളൂ. പദ്ധതി ആരംഭിക്കണമെങ്കിൽ ഈ സ്ഥലം പുറമ്പോക്ക് ഭൂമിയായി നോട്ടിഫൈ ചെയ്യേണ്ടി വരും.
കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള തടസങ്ങൾ നീക്കാൻ ഉടൻ തന്നെ റവന്യു, വിദ്യാഭ്യാസ മന്ത്രിമാരെ നേരിൽ കാണുമെന്ന് സ്ഥലം എംഎൽഎ കൂടിയായ ഉമാ തോമസ് പറഞ്ഞു. പദ്ധതിക്കായി കണ്ടെത്തിയ ആറേക്കർ സ്ഥലത്തിന്‍റെ ഒരു ഭാഗം ഉപയോഗയോഗ്യമാക്കുന്നതിനായി തൃക്കാക്കര നഗരസഭ നാലു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.