മട്ടാഞ്ചേരി: എറണാകുളത്തെ തോപ്പുംപടി ജംക്ഷനെ ഗതാഗതക്കുരുക്കിലാക്കുന്നത് പൊലീസിന്‍റെയും എക്സൈസിന്‍റെയും വാഹനങ്ങൾ എന്ന് ആരോപണം. തോപ്പുംപടി കോടതിക്കു മുന്നിലുള്ള നോ പാർക്കിങ് ബോർഡ് അവഗണിച്ച് അതിനു മുന്നിൽ തന്നെയാണ് എക്സൈസ് വകുപ്പിന്‍റെ വാഹനവും ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷൻ വാഹനവും പാർക്ക് ചെയ്യാറുള്ളത്.
വൈകിട്ട് കോടതിയിൽ പ്രതികളുമായി വരുന്ന പൊലീസ് വാഹനങ്ങളും എക്സൈസ് വാഹനങ്ങളും കോടതിക്കു പുറത്ത് അലഷ്യമായി പാർക്ക് ചെയ്യുന്നത് തോപ്പുംപടി ജംക‌്ഷനിൽ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നതായാണ് പരാതി. ട്രാഫിക് പൊലിസിന്‍റെ നേതൃത്വത്തിൽ കോടതി പരിസരത്ത് നോ പാർക്കിംങ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൊലീസിന് ഇതൊന്നും ബാധകമല്ല.
സാധാരണക്കാർ ബൈക്ക് പാർക്ക് ചെയ്താൽ പോലും പിഴ ചുമത്തുന്ന പൊലീസ്, സ്വന്തം വകുപ്പിലെ വാഹനം നോ പാർക്കിങ് ഏരിയകളിൽ പാർക്ക് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.