മുംബൈ: പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബദ്‌ലാപൂർ ലൈംഗികാതിക്രമക്കേസിലെ പ്രതിയുടെ പിതാവ് ബോംബെ ഹൈക്കോടതിയിൽ ചൊവ്വാഴ്ച അടിയന്തര ഹർജി നൽകി. കേസിലെ തെളിവുകൾ പൊലീസ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് പിതാവ് ഹർജി നൽകാൻ തീരുമാനിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം (എസ്ഐടി) കൈമാറണമെന്നാണ് പിതാവ് ആവശ്യപ്പെടുന്നത്.
അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് രേവതി മൊഹിതേ -ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് വിഷയം പരാമർശിച്ചത്. കേസ് ബുധനാഴ്ച പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. പ്രതിയെ തിങ്കളാഴ്ച ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് അക്ഷയ് പൊലീസിന് നേരെ ഒരു പൊലിസ് കോൺസ്റ്റബിളിന്‍റെ തോക്ക് തട്ടിയെടുത്ത് പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്തത്. വെടിവെപ്പിൽ അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്ടർ നിലേഷ് മോറിന് പരിക്കേറ്റു. പൊലീസ് തിരിച്ചു നടത്തിയ വെടിവെപ്പിൽ പ്രതി അക്ഷയ് കൊല്ലപ്പെട്ടു.