നാഗ്പൂർ-മുംബൈ എക്‌സ്‌പ്രസ്‌വേ: 4 മാസത്തിനിടെ 28 മരണം

പാത തുറന്നു കൊടുത്തതിനു ശേഷം ഇതു വരെ 253 റോഡപകടങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്
നാഗ്പൂർ-മുംബൈ എക്‌സ്‌പ്രസ്‌വേ: 4 മാസത്തിനിടെ 28 മരണം

മുംബൈ: നാഗ്പൂർ-മുംബൈ എക്‌സ്‌പ്രസ്‌വേ (സമൃദ്ധി മഹാമാർഗ്)ഇതുവരെ സാക്ഷിയായത് 28 മരണങ്ങൾക്ക്. കഴിഞ്ഞ ഡിസംബറിൽ പാത തുറന്നു കൊടുത്തതിനു ശേഷം ഇതു വരെ 253 റോഡപകടങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.

ഏറ്റവുമൊടുവിൽ ഹരിയാനയിലെ വനിതാ പോലീസ് ഇൻസ്‌പെക്ടർ നേഹ ചൗഹാനാണ് സമൃദ്ധി മഹാമാർഗിലെ വാഹനാപകടത്തിൽ മരണപ്പെട്ടത്. ഏപ്രിൽ 29-ന് മറാത്ത്‌വാഡ മേഖലയിലെ പർഭാനിയിൽ നിന്ന് മടങ്ങുമ്പോഴാണ് 41കാരിയായ നേഹയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്.

നാഗ്പൂർ ആസ്ഥാനമായുള്ള വിശ്വേശ്വരയ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ (വിഎൻഐടി) വിദ്യാർഥികൾ നടത്തിയ പഠനത്തിൽ ഹൈവേയിലെ മാരകമായ അപകടങ്ങൾക്ക് നാല് പ്രധാന കാരണങ്ങൾ കണ്ടെത്തി. ടയർ പൊട്ടിത്തെറിച്ചു ഉണ്ടാകുന്ന അപകടങ്ങൾ, വാഹനം പെട്ടെന്നു തിരിക്കുന്നത് മൂലമുള്ള അപകടങ്ങൾ, അശ്രദ്ധമായ ഡ്രൈവിംഗ്, റോഡിലൂടെ മൃഗങ്ങൾ മുറിച്ചുകടക്കൽ എന്നിയെല്ലാം അപകടങ്ങൾക്കു കാരണമാകുന്നുണ്ടെന്നാണ് പഠനത്തിൽ തെളിഞ്ഞത്.

അതേസമയം അമിതവേഗത, യാത്രക്കാരെ അമിതമായി വാഹനങ്ങളിൽ കയറ്റുക, ഉറക്കക്കുറവ് എന്നിവയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.അപകടങ്ങൾ തടയാനായി കൂടുതൽ പദ്ധതികൾ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർടിഒ) ആവിഷ്കരിച്ചിട്ടുണ്ട്.

തുടർച്ചയായി അപകടങ്ങൾ ഉണ്ടായതിനെത്തുടർന്ന് നിയമങ്ങൾ ലംഘിച്ചതിന് ഏകദേശം 1000 പേരിൽ നിന്നും പിഴ ചുമത്തിയതായി ആർടിഒ ഉദ്യോഗസ്ഥൻ പറയുന്നു. 550 ഓളം വാഹനങ്ങളുടെ ടയറുകൾ പഴകിയ നിലയിൽ കണ്ടെത്തി. കൂടാതെ 30 ഓളം ഡ്രൈവർമാർ അമിതവേഗതയിൽ പിടിക്കപ്പെട്ടുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാഗ്പൂരിൽ വേഗപരിധി ലംഘിച്ചതിനെത്തുടർന്ന് 25 കേസും ഔറംഗബാദിൽ 15 കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com