പുനെ: മഹാരാഷ്ട്രയിൽ ബി.ജെ.പി മികച്ച വിജയം നേടുമെന്ന് ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് ഉറപ്പ് നൽകി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. വ്യാഴാഴ്ച പൂനെയിൽ നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിക്കാൻ 'കർണാടക പാറ്റേൺ' സഹായിക്കുമെന്ന് കോൺഗ്രസ് പറയുന്നു. എന്നാൽ, മഹാരാഷ്ട്രയിൽ ‘മോദി പാറ്റേൺ’ മാത്രമേ പ്രവർത്തിക്കൂ. മഹാരാഷ്ട്രയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കൂടുതൽ കരുത്തോടെ വിജയം നോടുമെന്നും ഫഡ്നാവിസ് പറഞ്ഞു.
മുഖ്യമന്ത്രി എന്ന നിലയിലും നേതാവെന്ന നിലയിലും ഉദ്ധവ് താക്കറെ വലിയ പരാജയമായിരുന്നു. പോരായ്മകൾ ഉണ്ടായിരുന്നു. ഇത് ജനങ്ങൾ വിലയിരുത്തിയതാണ്. എംവിഎ സർക്കാരിന്റെ കാര്യക്ഷമത, ശിവസേന, എൻസിപി, കോൺഗ്രസ് എന്നിവയുടെ ഐക്യത്തെക്കുറിച്ചുള്ള അവരുടെ അവകാശവാദങ്ങളെയും ഫഡ്നാവിസ് പരിഹസിച്ചു.
പവാറിന്റെ രാജിയെച്ചൊല്ലി എൻസിപിക്കുള്ളിലെ സമീപകാല അസ്വസ്ഥതകളെ പരിഹസിച്ച അദ്ദേഹം, ടിആർപിക്ക് വേണ്ടിയാണ് പവാർ രാജിക്കൊരുങ്ങിയതെന്നും പറഞ്ഞു. സുപ്രീം കോടതി വിധിയെത്തുടർന്ന് സർക്കാരിന്റെ നിലനിൽപ്പിനെ കുറിച്ച് സംശയിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ ഫഡ്നാവിസ്, ശിവസേനയുടെ (യുബിടി) എട്ട് ആവശ്യങ്ങളും സുപ്രീം കോടതി തള്ളിക്കളഞ്ഞെന്നും പാർട്ടി പ്രവർത്തകരോട് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടത്തികൊള്ളാൻ അഭ്യർത്ഥിച്ചുവെന്നും അഭിപ്രായപ്പെട്ടു.