താനെ: ഡോംബിവിലി പത്രപ്രവർത്തക സംഘടനയുടെ ആഭിമുഖ്യത്തിൽ ഇച്ചുക് ഉമീദ്‌വാർ എന്ന പ്രത്യേക പരിപാടിക്ക് തുടക്കം കുറിച്ചു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർഥികളായി ആരെയൊക്കെ എവിടെ എപ്പോൾ പ്രഖ്യാപിക്കുമെന്നറിയാൻ കാത്തിരിക്കുന്ന കല്യാൺ ഡോംബിവിലിയിലെ വോട്ടർമാർക്ക്, അതത് നിയോജകമണ്ഡലങ്ങളിൽ സ്ഥാനാർഥിയായി മത്സരിക്കാൻ അർഹതയുള്ളവരേയും അതിനായി ഒരുങ്ങിയിരിക്കുന്നവരെയും പരിചയപ്പെടുത്തുന്ന പരിപാടിയാണ് ഇച്ചുക് ഉമീദ്‌വാർ.
കല്യാൺ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്ന കോൺഗ്രസിന്‍റെ മഹാരാഷ്ട്ര പ്രദേശ് സിറ്റി വികസന വിഭാഗം അധ്യക്ഷനും കെഡിഎംസി മുൻ കോർപ്പറേറ്ററുമായ അഡ്വക്കേറ്റ് നവിൻസിംഗിനെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. കല്യാൺ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ വിദ്യാസമ്പന്നനായ ഒരാളുടെ നേതൃത്വമാണ് വേണ്ടത്. അതിനാൽ ആ മണ്ഡലത്തിൽ തനിക്ക് ടിക്കറ്റ് നൽകണമെന്ന് താൻ കോൺഗ്രസ് പ്രദേശ് അധ്യക്ഷൻ നാനാ പട്ടോലേയോട് അഭ്യർഥിച്ചതായി സിംഗ് പരിപാടിയിൽ പറഞ്ഞു. അവിടത്തെ ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും നേരിട്ടറിവുള്ള തനിക്ക് ടിക്കറ്റ് ലഭിച്ചാൽ ആ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതോടൊപ്പം അവിടെ ഒരു ഐ.ടി. പാർക്ക് സ്ഥാപിക്കുന്നതിനായി സർക്കാരിൽ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ഡോംബിവിലി പത്രകാർ സംഘിന്‍റെ പ്രസിഡണ്ട് ശങ്കർ ജാധവ്, സെക്രട്ടറി പ്രശാന്ത് ജോഷി, വൈസ് പ്രസിഡണ്ട് മഹാവീർ ബഡാല എന്നിവർ സംസാരിച്ചു.