മുംബൈ: മുംബൈയിലും താനെയിലും ബുധനാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയെ തുടർന്ന് ജീവിതം താറുമാറായി. ഓഫീസുകൾ വിട്ട സമയം ആയതിനാൽ ലക്ഷകണക്കിന് പേരാണ് വഴിയിൽ പലയിടത്തും കുടുങ്ങിയത്.പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുകയും തുടർന്ന് റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയതോടെ റോഡ്- റെയിൽ ഗതാഗതം പ്രതിസന്ധിയിലാകുകയും ചെയ്തു. കാലാവസ്ഥ മോശമായതോടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. മഴ ശക്തമായതോടെ മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച ഉച്ചമുതൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ജനജീവിതവും ദുസഹമായി. പുനെയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അതേസമയം താനെ ജില്ലയിലെ ടിട്ട്വാലയിൽ ഇടിമിന്നലിനെ തുടർന്ന് 2 പേർ മരണമടഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിൽ ഭാണ്ടുപ്പിലെ ഹനുമാൻ നഗറിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് പ്രദേശ വാസികളെ മാറ്റി പാർപ്പിച്ചതായി അധികൃതർ അറിയിച്ചു.