താനെ ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘം വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം വിഷു ആഘോഷിച്ചു

ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘം 28 വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ജൈത്രയാത്ര തുടരുകയാണ്
താനെ ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘം വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം വിഷു ആഘോഷിച്ചു

താനെ: താനെ ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘം ഈ വർഷത്തെ വിഷു തലോജയിലുള്ള വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം ആഘോഷിച്ചു. ഭക്തസംഘം പ്രവർത്തകർ തലോജയിലുള്ള പരംശാന്തിധാം വൃദ്ധസദനം സന്ദർശിച്ച് അന്തേവാസികളായ സ്ത്രികൾക്ക് സാരിയും ,ഫേസ് മാസ്കും പുരുഷൻമാർക്ക് പൈജാമയും കുർത്തയും ,ഫേസ് മാസ്കും വിതരണം ചെയ്തു. അമ്പതോളം അന്തേവാസികളാണ് പരംശാന്തിധാം വൃദ്ധസദനത്തിലുള്ളത്.

വൃദ്ധാശ്രമത്തിലെ അന്തേവാസികൾക്ക്‌ വേണ്ടി സദ്യയും ഒരുക്കിയിരുന്നു.അവരോടൊപ്പം ഭക്ഷണം കഴിച്ചാണ് ഭക്തസംഘം ഭാരവാഹികൾ മടങ്ങിയത്. ജീവിതത്തിൽ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവരെ സഹായിച്ചുകൊണ്ട് ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘം 28 വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ജൈത്രയാത്ര തുടരുകയാണ്.

ഇതുകൂടാതെ താനെയിലെ ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘത്തിലെ അംഗങ്ങൾ താനെ വാഗ്ബിൽ ഗാവിലെ വൃദ്ധസദനമായ ആനന്ദ് ആശ്രമം സന്ദർശിക്കുകയും അവർക്ക് ആരോഗ്യ പരിശോധന ഉപകരണങ്ങൾ അടങ്ങുന്ന കിറ്റ് നൽകുകയും ചെയ്തു. രക്തസമ്മർദ്ദം അളക്കുന്നതിനുള്ള ഡിജിറ്റൽ ഉപകരണം, രക്തത്തിലെ ഷുഗറിന്‍റെ അളവ് എന്നിവ അളക്കുന്നതിനുള്ള ഉപകരണങ്ങൾ, ഷുഗർ അറിയുവാനുള്ള സ്ട്രിപ്പ്, നീഡിൽസ്, പൾസ്‌ ഓക്സി മീറ്റർ എന്നിവയടങ്ങുന്ന കിറ്റാണ് നൽകിയത്. കൂടാതെ നിത്യോപയോഗ സാധനങ്ങൾ ബെഡ്ഷീറ്റ്, തലയിണ കവർ, ടൗവ്വൽ, ഡിറ്റർജൻറ്റ് പൗഡർ, ബാത്ത്സോപ്പ്, ടൂത്ത് ബ്രഷ്,ടൂത്ത് പേസ്റ്റ്, ഫേസ്മാസ്ക്, എന്നിവ അടങ്ങുന്ന കിറ്റുകളും വിതരണം ചെയ്തു. നിരവധി വർഷങ്ങളായി ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.

വർഷങ്ങളായി ഓണം വിഷു പോലെയുള്ള മലയാളികളുടെ ആഘോഷങ്ങളിൽ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കാറുണ്ടെന്നും വരും കാലങ്ങളിലും ഇതുപോലെ ചെയ്യാൻ താത്പര്യപ്പെടുന്നുവെന്നും സെക്രട്ടറി ശശികുമാർ നായർ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com