
നവി മുംബൈ: കഞ്ചാവ് ലഹരിയിൽ ട്രാഫിക് കോൺസ്റ്റബിളിനെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. നെരൂളിലെ സെക്ടർ 15ൽ താമസിക്കുന്ന ആദിത്യ ധോന്ദിറാം ബെംബാഡേയാണു 37 കാരനായ ട്രാഫിക് കോൺസ്റ്റബിളിനെ 20 കിലോമീറ്റർ ദൂരം വലിച്ചിഴച്ചതിന് അറസ്റ്റിലായത്. ട്രാഫിക് കോൺസ്റ്റബിൾ വാഹനത്തിന്‍റെ ബോണറ്റിൽ അതി സാഹസികമായി മുറുകെ പിടിച്ച് ജീവൻ രക്ഷിക്കുകയായിരുന്നു. പ്രതി മയക്കുമരുന്നിന് അടിമയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാഷിയിലെ ബ്ലൂ ഡയമണ്ട് ചൗക്കിൽ ട്രാഫിക് നിയമം ലംഘിച്ച് എപിഎംസിയിലെ സ്‌പൈസ് മാർക്കറ്റിലേക്ക് ബെംബാഡെ കാറുമായി കടന്നു കളയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതിനിടയിൽ അമിത വേഗതയിൽ രക്ഷപ്പെടുന്നതിനിടെ ട്രാഫിക് പോലീസുകാരന് പരിക്കേറ്റു. മറ്റൊരു ട്രാഫിക് പോലീസുകാരൻ വാഹനം നിർത്താൻ. ആവശ്യപ്പെട്ടുവെങ്കിലും അവിടെ നിന്നും കടന്നു കളഞ്ഞു.
പിന്നീട് ട്രാഫിക് പൊലീസ് പിന്തുടരുന്നെണ്ടെന്നു മനസ്സിലാക്കിയ ഇയാൾ കാർ വേഗത്തിലാക്കുകയായിരുന്നു. പിന്നീട് വാഷിയിലെ പാം ബീച്ച് റോഡിലേക്ക് പ്രവേശിച്ചു. വിവരമറിഞ്ഞ വാഷി ട്രാഫിക് യൂണിറ്റിലെ ട്രാഫിക് പൊലീസുകാരൻ സിദ്ധേശ്വർ മോഹൻ മാലി (37) റോഡിൽ തടയാൻ ശ്രമിച്ചു, കാർ വേഗം കുറച്ചപ്പോൾ കാറിന് നേരെ ചാടി.പക്ഷേ ബോണറ്റിലേക്ക് കയറിയിട്ടും കാർ നിർത്താതെ പോവുകയായിരുന്നു. മയക്ക് മരുന്ന് കഴിച്ചാണ് ബെംബാഡെ വാഹനം ഓടിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. കോൺസ്റ്റബിൽ മാലി ബോണറ്റിൽ മുറുകെപ്പിടിച്ച് ഇരുന്നത് കണ്ട ബോംബാഡെ കാറിന്‍റെ വേഗത കൂട്ടി. പിന്നീട് പാം ബീച്ച് റോഡ് മുഴുവൻ കടന്ന് ബേലാപൂരിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബേലാപൂർ-ഉറാൻ റോഡിലേക്ക് പോവുകയായിരുന്നു ഇയാൾ. ഇത്രയും ദൂരം മാലി ബോണറ്റിൽ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു.
അതിനിടെ, പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും വാഷി ട്രാഫിക് യൂണിറ്റിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഗവൻ ഫാറ്റയ്ക്ക് സമീപം ബെംബാഡെയുടെ വാഹനം പൊലീസ് തടയുകയും ചെയ്തു. ഇയാൾക്കെതിരെ വേറെയും കേസുകൾ ഉണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 307, 353, 279, നാർക്കോട്ടിക് ഡ്രഗ്‌സ് ആന്‍റ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌ട് സെക്ഷൻ 8 (സി) എന്നിവ പ്രകാരം ബെംബാഡെയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.