മുംബൈ: സിദ്ധിവിനായക ക്ഷേത്രപരിസര നവീകരണത്തിന് മഹാരാഷ്ട്ര സർക്കാർ 500 കോടി രൂപ അനുവദിച്ചു. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഗണേശോത്സവത്തിനു മുന്നോടിയായാണ് ഈ തീരുമാനം. ശിവസേനയുടെ എംഎൽഎ സദാ സർവങ്കറിന്‍റെ നേതൃത്വത്തിലുള്ള സിദ്ധിവിനായക ക്ഷേത്ര കമ്മിറ്റി, മെച്ചപ്പെടുത്തലുകൾക്കായി 500 കോടി അനുവദിച്ചതായി പറഞ്ഞു. കഴിഞ്ഞ ദിവസം സഹ്യാദ്രി ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു യോഗം. സർവങ്കർ, മുനിസിപ്പൽ കമ്മീഷണർ ഭൂഷൺ ഗഗ്രാനി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ക്ഷേത്രത്തിനടുത്തു ള്ള മെട്രൊ 3 പദ്ധതി ദ്വീപ് നഗരവുമായും പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളുമായും ബന്ധിപ്പിക്കുന്നു. സ്റ്റേഷൻ എതിർവശത്തായതിനാൽ ഇവിടെ നിന്ന് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം രൂപകൽപ്പന ചെയ്യും. ഇതോടൊപ്പം ക്ഷേത്രത്തിലേക്കുള്ള റോഡുകൾ വീതികൂട്ടുകയും അനധികൃത നിർമാണങ്ങളെല്ലാം നീക്കം ചെയ്യുകയും ചെയ്യും.
നിലവിൽ മാലകൾ, കർപ്പൂരം, പഴങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ വിൽക്കുന്ന വ്യാപാരികൾ പ്രവേശന കവാടത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഇവിടെ തിരക്ക് അനുഭവപ്പെടുന്നതിനാൽ ക്ഷേത്രത്തിൽ നിന്ന് 100 മീറ്റർ അകലെയുള്ള കാകാസാഹെബ് ഗാഡ്ഗിൽ റോഡിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. പുതിയ ഷൂ ചെരുപ്പ് റാക്കുകൾ,നവീകരിച്ച വിശ്രമമുറികൾ എന്നിവ സമീപത്ത് സ്ഥാപിക്കും. സർവങ്കർ ഭക്തർക്കായി പ്രത്യേക പാർക്കിംഗ് സ്ഥലം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്ഷേത്രത്തിൽ നിന്ന് ദാദർ സ്റ്റേഷനിലേക്ക് ഭക്തരെ എത്തിക്കാൻ കഴിഞ്ഞ ആഴ്ച ട്രസ്റ്റ് മേധാവി മിനി ബസ് ഷട്ടിൽ സർവീസ് ആവശ്യപ്പെട്ടിരുന്നു.