കാണാതാകുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നത് ആശങ്കാജനകം: വനിതാ കമ്മിഷൻ അധ്യക്ഷ

പ്രശ്‌നപരിഹാരത്തിനായി അടിയന്തര നടപടി വേണമെന്നും ആവശ്യം
കാണാതാകുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നത് ആശങ്കാജനകം: വനിതാ കമ്മിഷൻ അധ്യക്ഷ

മുംബൈ: സംസ്ഥാനത്തു നിന്ന് കാണാതാകുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണമേറുന്നത് ആശങ്കാജനകമാണെന്ന് മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ രൂപാലി ചക്കങ്കർ പറഞ്ഞു. ‌ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നും പ്രശ്‌നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചക്കങ്കർ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു.

ജോലി വാഗ്ദാനം ചെയ്ത് ദുബായിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും എത്തിക്കുന്ന സ്ത്രീകളാണ് കാണാതാവുന്നതിൽ ഏറെയും. വിദേശത്തെത്തിക്കുന്ന സ്ത്രീകളുടെ പാസ്‌പോർട്ടുകളും മറ്റ് രേഖകളും തട്ടിയെടുക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. പൂനെ, പിംപ്രി ചിഞ്ച്‌വാദ് എന്നിവിടങ്ങളിൽ നിന്ന് വിദേശത്തേക്ക് പോയ 82 ഓളം സ്ത്രീകൾക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. കാണാതായ സ്ത്രീകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ചക്കങ്കർ പറയുന്നു.

അടുത്തിടെ,രണ്ട് ഏജന്‍റുമാർക്കെതിരെ സാകി നാക പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.സൂപ്പർ മാർക്കറ്റിൽ ജോലി നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് ഈ ഏജന്‍റമാർ സ്ത്രീകളെ വിദേശത്തേക്ക് അയച്ചത് എന്നാണ് വിവരം. സ്‌പെഷ്യൽ ഇൻസ്‌പെക്ടർ ജനറൽ (വനിതാ-ശിശു കുറ്റകൃത്യങ്ങൾ തടയൽ) ദീപക് പാണ്ഡെ അറിയിച്ചതാണ് ഇക്കാര്യം.

2023 ജനുവരി മുതൽ മാർച്ച് വരെ സംസ്ഥാനത്ത് നിന്ന് 3,594 സ്ത്രീകളെ കാണാതായിട്ടുണ്ട്. ഈ കേസുകളിൽ കമ്മിഷൻ അതത് പോലീസ് സ്റ്റേഷനുകളിലും സംസ്ഥാന മന്ത്രാലയത്തിലും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും ചക്കങ്കർ.

ഈ കേസുകൾ കൈകാര്യം ചെയ്യാൻ വനിതാ-ശിശു വികസന മന്ത്രാലയം ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും എന്നാൽ ഈ കമ്മിറ്റിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ പോലും ഇല്ലെന്നും ചക്കങ്കർ പറഞ്ഞു. സ്ത്രീകളെ കാണാതാകുന്നതിന്‍റെ കാരണങ്ങൾ അന്വേഷിക്കാനും നടപടി സ്വീകരിച്ച റിപ്പോർട്ട് 15 ദിവസം കൂടുമ്പോൾ വനിതാ കമ്മിഷനു സമർപ്പിക്കാനും ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും പത്തിലധികം തൊഴിലാളികളുള്ള തൊഴിലിടങ്ങളിൽ സ്ത്രീകൾക്കായി കമ്മിറ്റികൾ ഉണ്ടാകണമെന്നും ചക്കങ്കർ നിർദേശിച്ചു. സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും ‘ഭരോസ’ കമ്മിറ്റികൾ രൂപീകരിക്കാൻ ഉത്തരവിട്ടിരുന്നു, എന്നാൽ അത്തരമൊരു കമ്മിറ്റി രൂപീകരിച്ചിട്ടില്ലെന്നും അധ്യക്ഷ ആരോപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com