ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു; ബുധനാഴ്ച ഡൽഹിയിലെത്തും

സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദ്യാര്‍ഥികള്‍ വിദേശ കാര്യമന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നു
110 Indian students evacuated from Iran

ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു; ബുധനാഴ്ച ഡൽഹിയിലെത്തും

Updated on

ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിൽ നിന്നുള്ള 110 ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു. അർമീനീയയിലെത്തിയ വിദ്യാർഥി സംഘം ബുധനാഴ്ച ഡൽഹിയിലേക്ക് പറക്കും. വിവിധ സര്‍വകലാശാലകളിലെ ഇന്ത്യന്‍ വിദ്യാർഥികളെ അതിര്‍ത്തി വഴി അര്‍മേനിയയിലേക്ക് മാറ്റിയിരുന്നു. ഇറാന്‍ അതിര്‍ത്തികള്‍ തുറന്നിരിക്കുന്നതിനാൽ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തടസമുണ്ടായില്ല.

സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദ്യാര്‍ഥികള്‍ വിദേശ കാര്യമന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നു. ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യൻ വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. താമസ സ്ഥലത്തിന് സമീപം മിസൈലുകളും ബോംബുകളും പതിക്കുകയാണ്. കുടിവെള്ള വിതരണ ഉള്‍പ്പെടെ തടസപ്പെട്ടിരിക്കുകയാണ്. ഇൻറർനെറ്റ് സേവനത്തിൽ പ്രതിസന്ധി നേരിടുന്നതിനാൽ വിദേശകാര്യ മന്ത്രാലയത്തിന്‍റേതുള്‍പ്പെടെയുള്ള സന്ദേശങ്ങൾ യഥാസമയം ലഭിക്കുന്നില്ലെന്നുമാണ് വിദ്യാർഥികള്‍ അറിയിച്ചിരിക്കുന്നത്. ഇറാനിലെ വിവിധ നഗരങ്ങളിലായി നിരവധി ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നതെന്നും ഇവരിൽ ഏകദേശം 1,500-ലധികം പേരും വിദ്യാർഥികളാണെന്നുമാണ് റിപ്പോർട്ട്

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കൂടുതൽ വഷളാകുന്നതിനിടയിൽ എല്ലാ ഇന്ത്യക്കാരോടും ഉടനെ ടെഹ്റാന്‍ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഏത് തരം വിസയെന്നത് പരിഗണിക്കാതെ തന്നെ നിര്‍ദേശം പാലിക്കണം. കഴിവതും അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണം. എന്നാൽ വിദേശികൾ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഇറാൻ നടത്തിയ ആക്രമങ്ങൾക്ക് ടെഹ്റാനിൽ ജീവിക്കുന്നവർ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഈ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ അടിയന്തര നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ അര്‍മേനിയൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി. നടപടികൾക്രമങ്ങൾ അതിവേഗം പൂർത്തിയാകുമെന്നാണ് കരുതുന്നത്.

ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ യുഎസുമായുള്ള ആണവ ചർച്ചകളിൽ‌ നിന്ന് ഇറാൻ പിന്മാറി. ഇറാനെതിരായ ആക്രമണത്തിൽ യുഎസ് ഇസ്രയേലിനെ പിന്തുണയ്ക്കുന്നുണ്ടെന്നും, യുഎസിന്‍റെ പിന്തുണയില്ലാതെ ഇസ്രയേലിന് ആക്രമണം നടത്താനാവില്ലെന്നുമാണ് ഇറാൻ ആരോപിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com