
മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളിൽ ജാവലിന്‍ ത്രോ പരിശീലത്തിനിടെ ജാവലിന്‍ തലയിൽ തുളച്ചുകയറി 15 കാരന് ദാരുണാന്ത്യം. ഹുജെഫ ദാവാരെയാണ് മരിച്ചത്. അപകടം സംഭവിച്ച ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
റായ്ഗഡ് ജില്ലയിലെ പുരാർ ഐഎന്‍ടി ഇംഗ്ലിഷ് സ്കൂളിൽ കഴിഞ്ഞ ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. പരിശീലനത്തിനിടെ മറ്റൊരു കുട്ടിയെറിഞ്ഞ ജാവലിന്‍ ഹുജെഫ ദാവാരെയുടെ തലയിൽ തുളച്ചുകയറുകയായിരുന്നു. ജാവലിന്‍ വരുന്ന സമയത്ത് ഹുജെഫ ദാവാരെ തന്‍റെ ഷൂലേസ് കെട്ടുകയായിരുന്നു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ജാവലിന്‍ എറിഞ്ഞ കുട്ടിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചോ എന്നതടക്കം പരിശോധിക്കും. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.