കോൽക്കത്ത: നഗരത്തിലെ പ്രശസ്തമായ ആർ.ജി. കർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ വനിതാ ഡോക്റ്ററെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ സിബിഐയുടെ 25 അംഗ സംഘം. അഡീഷനൽ ഡയറക്റ്ററുടെ നേതൃത്വത്തിലുള്ള സംഘം കേസ് രജിസ്റ്റർ ചെയ്തു. കോൽക്കത്ത പൊലീസ് ഇതുവരെ ശേഖരിച്ച മുഴുവൻ രേഖകളും സിബിഐ സംഘം ഏറ്റുവാങ്ങി.
പ്രതി സഞ്ജയ് റോയി പൊലീസ്, സിബിഐക്കു കൈമാറി. ഇയാളെ ചോദ്യം ചെയ്തു തുടങ്ങി. മകൾ കൂട്ടബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നുണ്ടെന്നു കൊല്ലപ്പെട്ട വനിതാ ഡോക്റ്ററുടെ മാതാപിതാക്കൾ പറഞ്ഞു. മകളുടെ മൃതദേഹത്തിൽ നിന്ന് വലിയ തോതിൽ സ്രവങ്ങൾ കണ്ടെത്തിയിരുന്നു. ഇതാണ് സംശയത്തിനു കാരണമെന്നും അവർ.
അതിനിടെ, സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി മമത ബാനർജി പ്രതിപക്ഷത്തിനെതിരേ രാഷ്‌ട്രീയ ആരോപണവുമായി രംഗത്തെത്തി. സിപിഎമ്മും ബിജെപിയും പശ്ചിമ ബംഗാളിനെ ബംഗ്ലാദേശാക്കാൻ ശ്രമിക്കുകയാണെന്നു മമത. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കണം. സിബിഐ അന്വേഷണം ഞായറാഴ്ച പൂർത്തിയാക്കാനാക്കണമെന്നും മമത ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് കൽക്കട്ട ഹൈക്കോടതിയടക്കം വിമർശിച്ചിരുന്നു. ഇതു പ്രതിപക്ഷം ഉന്നയിച്ചതാണു മമതയെ ചൊടിപ്പിച്ചത്.