
ഇംഫാൽ: മണിപ്പൂരിലെ കാങ്പോക്പിയിൽ ഇന്ന് രാവിലെ ഉണ്ടായ വെടിവയ്പ്പിൽ 3 മരണം. കുകി വിഭാഗക്കാരായ മൂന്നു പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. സംഘർഷത്തിനു പിന്നിൽ മെയ്തെയ് വിഭാഗക്കാരാണെന്ന് കുകി സംഘടനകൾ ആരോപിക്കുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസും കേന്ദ്ര സേനയും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. പലേലിൽ മണിപ്പുർ കമാൻഡോകൾ കേന്ദ്ര സേനയ്ക്കു നേരെ തോക്കുചൂണ്ടിയെങ്കിലും വെടിവയ്പ് തലനാരിഴയ്ക്കാണ് ഒഴിവായത്.
അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങൾക്കെതിരേയുള്ള കേസിൽ സെപ്റ്റംബർ 15 വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി തിങ്കളാഴ്ച വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് എഡിറ്റേഴ്സ് ഗിൽഡിന്‍റെ ഹർജി പരിഗണിച്ച് അറസ്റ്റിൽ നിന്നുള്ള സംരക്ഷണത്തിന് സമയം നീട്ടി നൽകിയത്.