
ഗുജറാത്ത്: അമ്രേലി ജില്ലയിലെ ദാംനഗറിൽ കൃഷിയിടത്തിനു സമീപം കളിക്കുകയായിരുന്ന 3 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. റോണക് രത്വ എന്ന കുട്ടിക്കാണു ദാരുണാന്ത്യം. റോണക്കിന്റെ അച്ഛനമ്മമാരും കുടുംബാംഗങ്ങളും തൊട്ടടുത്തുള്ള കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. കുട്ടി ഒറ്റയ്ക്കായിരുന്നു.
ഛോട്ടാ ഉദേപുർ സ്വദേശികളും ഗോത്ര വിഭാഗത്തിൽപ്പെട്ടവരുമായ തൊഴിലാളികളാണ് രത്വയുടെ അച്ഛനമ്മമാർ. കൃഷിപ്പണിക്കായി ഇവിടെയെത്തിയതാണ്. ആറു നായ്ക്കൾ കൂട്ടം ചേർന്നാണു കുട്ടിയെ ആക്രമിച്ചതെന്ന് ദാംനഗർ എഎസ്ഐ കെ.ആർ. സംഘാത്. കുട്ടിയുടെ കഴുത്തിലും തലയിലും കടിയേറ്റു. കരച്ചിലും നായ്ക്കളുടെ കുരയും കേട്ട് ഓടിയെത്തിയ മാതാപിതാക്കളും കുടുംബാംഗങ്ങളും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അധികം വൈകാതെ മരിച്ചു.