
നടന്‍ ശ്രീകാന്ത്
ചെന്നൈ: മയക്കുമരുന്ന് കേസിൽ തമിഴ്- തെലുങ്ക് നടന്‍ ശ്രീകാന്ത് അറസ്റ്റിൽ. നുങ്കമ്പാക്കം പൊലീസാണ് താരത്തെ തിങ്കളാഴ്ച (June 23) അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്ത് ആരോപിച്ച് എഐഎഡിഎംകെ മുൻ പ്രവർത്തകൻ പ്രസാദ് എന്നയാളെ നേരത്തെ പൊലീസ് അറസ്റ്റി ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ശ്രീകാന്ത് ഉൾപ്പടെയുള്ള താരങ്ങൾക്ക് കൊക്കെയ്ൻ വിതരണം ചെയ്തതായി ഇയാൾ മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ കസ്റ്റഡിയിലെടുത്തത്.
ചെന്നൈ പൊലീസിന്‍റെ മയക്കുമരുന്ന് വിരുദ്ധ ഇന്‍റലിജൻസ് യൂണിറ്റ് (എഎൻഐയു) നടനെ ചോദ്യം ചെയ്തു. കിൽപോക്ക് സർക്കാർ ആശുപത്രിയിൽ നടത്തിയ മെഡിക്കൽ പരിശോധനയിൽ മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചു. പിന്നാലെ നാർക്കോട്ടിക് ആക്ട് പ്രകാരം (എൻഡിപിഎസ്) അദ്ദേഹത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രസാദിന് മയക്കുമരുന്ന് നല്‍കിയ പ്രദീപ് കുമാര്‍ എന്നയാളും കേസിൽ പിടികൂടിയിരുന്നു. പ്രസാദാണ് പ്രദീപിനെ ശ്രീകാന്തിന് പരിചയപ്പെടുത്തി കൊടുത്തത്. ബംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ സ്വദേശിയാണ് ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയതെന്നാണ് വിവരം. അതേസമയം, മയക്കുമരുന്ന് കേസില്‍ നടന്‍റെ പേര് ഉയര്‍ന്ന് വന്നതോടെ തമിഴ് സിനിമാ ലോകം അമ്പരപ്പിലാണുള്ളത്. സിനിമാ മേഖലയിൽ നിന്നും കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.