
"തെരുവുനായ്ക്കളെ ജനവാസമേഖലയിൽ നിന്ന് മാറ്റണം"; തടയാൻ ശ്രമിക്കുന്നവർക്കെതിരേ കർശന നടപടിയെന്ന് സുപ്രീം കോടതി
file image
ന്യൂഡൽഹി: ഡൽഹി എൻസിആറിലെ ജനവാസമേഖലയിൽ നിന്ന് എല്ലാ തെരുവുനായ്ക്കളെയും നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഏതെങ്കിലും സംഘടനകൾ തടസം നിന്നാൽ അവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. തെരുവുനായ്ക്കളുടെ ആക്രമണവും പേ വിഷബാധ മൂലമുള്ള മരണവും വർധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസ്മാരായ ജെ.ബി. പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വിഷയത്തിൽ കേന്ദ്രത്തിൽ നിന്നുള്ള എതിർവാദം മാത്രമേ കേൾക്കുകയുള്ളൂവെന്നും നായ്പ്രേമികളുടെയോ മറ്റു പാർട്ടികളുടെയോ വാദം കേൾക്കില്ലെന്നും കോടതി വ്യക്തമാക്കി. 8 ആഴ്ചയാണ് തെരുവുനായ്ക്കളെ നീക്കം ചെയ്യാനായി കോടതി നൽകിയിരിക്കുന്ന സമയം.
ഇത് പൊതു ജനതാത്പര്യാർഥമാണ് ചെയ്യുന്നത്. നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. തെരുവുകളിൽ നിന്ന് നായ്ക്കളെ പിടികൂടി അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണം. വിഷയത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയുടെ അഭിപ്രായം കോടതി ആരാഞ്ഞിരുന്നു. തെരുവുനായ്ക്കളെ നീക്കം ചെയ്യാൻ ഡൽഹി തീരുമാനിച്ചിരുന്നുവെങ്കിലും മൃഗാവകാശ സംരക്ഷകർ ഇടപെട്ട് നേടിയ സ്റ്റേ ഓർഡർ മൂലമാണ് നടപടി വൈകുന്നതെന്ന് തുഷാർ മേഹ്ത വ്യക്തമാക്കി. പേ ബാധിച്ച് മരണപ്പെട്ടവരെ തിരിച്ചു കൊണ്ടുവരുവാൻ മൃഗസ്നേഹികൾക്ക് കഴിയുമോയെന്ന് ചോദിച്ച കോടതി തെരുവുകൾ എത്രയും പെട്ടെന്ന് നായ് രഹിതമാക്കണമെന്നും വ്യക്തമാക്കി. തെരുവുനായ്ക്കളെ ദത്തെടുക്കാൻ നിലവിൽ അനുവദിക്കാനാകില്ലെന്നും ഉത്തരവിലുണ്ട്.
തെരുവുനായ്ക്കളെ ദത്തെടുക്കുന്നവർ ദിവസങ്ങളോ ആഴ്ചകളോ കഴിയുമ്പോൾ വീണ്ടും അവയെ തെരുവിൽ ഉപേക്ഷിക്കുന്ന രീതിയാണ് കണ്ടു വരുന്നതെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചിരുന്നു.
നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ അടിയന്തരമായി നായ്ക്കൾക്കായി അഭയകേന്ദ്രങ്ങൾ തുടങ്ങണെന്നും നായ്ക്കളെ അവിടേക്ക് മാറ്റണമെന്നും അതേ കുറിച്ച് കോടതിയെ അറിയിക്കണമെന്നും പ്രാദേശിക ഭരണകർത്താക്കളോട് നിർദേശിച്ചിട്ടുണ്ട്. പ്രൊഫഷണൽ നായ്പിടിത്തക്കാരെ ഇതിനായി ഉപയോഗിക്കണം. സ്റ്റെറിലൈസേഷനും പ്രതിരോധകുത്തിവയ്പ്പും ഉറപ്പാക്കണം. അഭയകേന്ദ്രങ്ങളിൽ നിന്ന് പട്ടികൾ രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സിസിടിവികൾ വയ്ക്കണമെന്നും കോടതി വ്യക്തമാക്കി. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാത്രം 49 പേ വിഷബാധയാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 35,198 പേരെയാണ് നായ്ക്കൾ ആക്രമിച്ചിരിക്കുന്നത്.