കർണാടക ഫലം: മധ്യപ്രദേശിൽ ബിജെപിക്ക് പുനർചിന്തനം

ബസവരാജ് ബൊമ്മെയല്ല ശിവരാജ് സിങ് ചൗഹാൻ. മധ്യപ്രദേശിലെ ഏറ്റവും ജനകീയരായ രാഷ്‌ട്രീയ നേതാക്കളുടെ കൂട്ടത്തിൽ തന്നെയാണ് ഇപ്പോഴും ചൗഹാന്‍റെ സ്ഥാനം.
കർണാടക ഫലം: മധ്യപ്രദേശിൽ ബിജെപിക്ക് പുനർചിന്തനം

# എ.ജി. വല്ലഭൻ

ഭോപ്പാൽ: മധ്യപ്രദേശ് ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിൽ ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള തന്ത്രങ്ങൾ പുനരവലോകനം ചെയ്യാൻ ബിജെപി ദേശീയ നേതൃത്വം നിർബന്ധിതമാകുന്നു. ഹിമാചൽ പ്രദേശിനു പിന്നാലെ കർണാടകയിലും നേരിട്ട തിരിച്ചടിയാണ് ഇതിനു കാരണം.

വ്യക്തിപ്രഭാവം കുറഞ്ഞ മുഖ്യമന്ത്രി, സീറ്റ് നിഷേധിക്കപ്പെട്ടതു കാരണം അതൃപ്തരായ മുതിർന്ന നേതാക്കൾ എന്നിങ്ങനെയുള്ള ഘടകങ്ങൾ കർണാടകയിൽ ബിജെപിയുടെ വിഭവശേഷി ഗണ്യമായി കുറച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും സംഘടനയുടെ കെട്ടുറപ്പും മാത്രമായിരുന്നു അധികാരം നിലനിർത്താൻ അവർക്ക് ആശ്രയം. ദക്ഷിണേന്ത്യയിൽ അവർക്കുണ്ടായിരുന്ന ഒരേയൊരു കോട്ട സംരക്ഷിക്കാൻ അതു മാത്രം പോരായിരുന്നു എന്ന് തെരഞ്ഞെടുപ്പ് ഫലം വന്നതോടെ തെളിയുകയും ചെയ്തു.

മധ്യപ്രദേശിൽ പുറത്തെടുക്കേണ്ടത് ഗുജറാത്ത് മോഡലോ അതോ കർണാടക മോഡലോ എന്ന സംശയമുയരുന്നത് ഈ പശ്ചാത്തലത്തിലാണ്. കർണാടക തെരഞ്ഞെടുപ്പിനു മുൻപു വരെ ഭരണവിരുദ്ധ വികാരം നേരിടാൻ രണ്ടു രീതികളാണ് ബിജെപി അവലംബിച്ചു പോന്നത്. മുഖ്യമന്ത്രി അടക്കം മന്ത്രിസഭയെ അപ്പാടെ മാറ്റുകയും, 40 ശതമാനം സിറ്റിങ് എംൽഎമാർക്ക് സീറ്റ് നിഷേധിക്കുകയും ചെയ്തുകൊണ്ടാണ് ഗുജറാത്തിൽ ബിജെപി തെരഞ്ഞെടുപ്പ് നേരിട്ടത്. കർണാടകയിലാകട്ടെ, മുതിർന്ന നേതാക്കളെ ഒഴിവാക്കി, നേതാക്കളുടെ മക്കൾക്കും മറ്റു ബന്ധുക്കൾക്കും സീറ്റ് നൽകുന്ന രീതിയും അവലംബിച്ചു.

ഗുജറാത്ത് മന്ത്രിസഭയിൽ സമ്പൂർണ അഴിച്ചുപണി നടത്തുകയും സിറ്റിങ് എംഎൽഎമാരെ മാറ്റുകയും ചെയ്തതുവഴി ഭരണവിരുദ്ധ വികാരം മറികടക്കാൻ പാർട്ടിക്കു സാധിച്ചെന്നാണ് വിലയിരുത്തൽ. മന്ത്രിമാർക്കോ എംഎൽഎമാർക്കോ എതിരേയുണ്ടായിരുന്ന ജനവികാരവും ഇതോടെ തണുപ്പിക്കാനായി.

എന്നാൽ, ഈ ഒറ്റക്കാരണം കൊണ്ട് മധ്യപ്രദേശിൽ കർണാടക മോഡൽ വേണ്ടെന്നു വയ്ക്കാനും സാധിക്കില്ല. ബസവരാജ് ബൊമ്മെയല്ല ശിവരാജ് സിങ് ചൗഹാൻ. മധ്യപ്രദേശിലെ ഏറ്റവും ജനകീയരായ രാഷ്‌ട്രീയ നേതാക്കളുടെ കൂട്ടത്തിൽ തന്നെയാണ് ഇപ്പോഴും ചൗഹാന്‍റെ സ്ഥാനം. ജനങ്ങളുമായി നേരിട്ട് ഇടപെടാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത നേതാവ്. അങ്ങനെയൊരു സാഹചര്യത്തിൽ, നേതൃത്വത്തിൽ മാറ്റം വരുത്താതെ ഭാഗികമായി ഗുജറാത്ത് മോഡൽ സ്വീകരിക്കുക എന്ന സാധ്യതയാണ് പാർട്ടിക്കു മുന്നിലുള്ളത്.

ദേശീയ തലത്തിൽ തന്നെ കുടുംബവാഴ്ചയ്ക്കെതിരേ കടുത്ത നിലപാടെടുക്കുന്ന ബിജെപി, സീറ്റ് നിഷേധിക്കപ്പെടുന്ന മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ മക്കൾക്കു ടിക്കറ്റ് നൽകുന്ന മാർഗം മധ്യപ്രദേശിൽ പരീക്ഷിക്കാൻ ധൈര്യപ്പെടില്ല. നിയമസഭയുടെ കാലാവധി അവസാനിക്കാറാകുന്നതോടെ ജനപ്രിയ തീരുമാനങ്ങളടക്കം തെരഞ്ഞെടുപ്പ് സമവാക്യങ്ങൾ അനുകൂലമാക്കാൻ സഹായിക്കുന്ന നിരവധി തീരുമാനങ്ങളാണ് മധ്യപ്രദേശ് സർക്കാർ സ്വീകരിച്ചു വരുന്നത്.

ഗുജറാത്ത് മാതൃകയിൽ ചൗഹാനെ മാറ്റി പുതിയ നേതൃത്വത്തിനു കീഴിൽ തെരഞ്ഞെടുപ്പ് നേരിടുന്നത് ഒരു ഘട്ടത്തിൽ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, അതുവേണ്ടെന്ന തീരുമാനം വന്നുകഴിഞ്ഞതാണ്. പകരം, ചൗഹാന്‍റെ ജനകീയ പ്രതിച്ഛായ കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദേശമാണ് പാർട്ടി ദേശീയ നേതൃത്വം നൽകിയിരിക്കുന്നത്.

മുൻ ബിജെപി സർക്കാരിൽ ധനമന്ത്രിയായിരുന്ന ജയന്ത് മല്ലയ്യയുടെ മകൻ സിദ്ധാർഥ് മല്ലയ്യ ദമോ ഉപതെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് ബിജെപി സ്ഥാനാർഥിയെയാണ്. എന്നാലിപ്പോൾ സിദ്ധാർഥ് പാർട്ടിയിൽ തിരിച്ചെത്തിക്കഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ അദ്ദേഹം ദമോയിൽ ബിജെപി സ്ഥാനാർഥിയാകുമെന്നാണ് സൂചന. 2018ലെ തെരഞ്ഞെടുപ്പിൽ കൈലാഷ് വിജയ്‌വർഗിയയുടെ മകൻ ആകാശിനാണ് പാർട്ടി ഇവിടെ സീറ്റ് നൽകിയത്. ഇതുപോലെ പല പ്രമുഖ നേതാക്കളുടെയും മക്കൾ ഇക്കുറി സീറ്റ് മോഹിച്ച രംഗത്തുണ്ട്.

ശിവരാജ് സിങ് ചൗഹാന്‍റെ മകൻ കാർത്തികേയ, ജ്യോതിരാദിത്യ സിന്ധ്യയുടെ മകൻ മഹാആര്യമാൻ, നരേന്ദ്ര സിങ് തോമറിനെ മകൻ ദേവേന്ദ്ര സിങ്, ഗോപാൽ ബാർഗവയുടെ മകൻ അഭിഷേക്, നരോത്തം മിശ്രയുടെ മകൻ സുകർണ, കമൽ പട്ടേലിന്‍റെ മകൻ സുദീപ്, പ്രഭാത് ഝായുടെ മകൻ തുസ്‌മുൽ, ഗൗരീശങ്കർ ബിസെന്‍റെ മകൾ മൗസം തുടങ്ങിയവരൊക്കെ ഇതിൽപ്പെടുന്നു. എന്നാൽ, പ്രാദേശികമായ വികാരം കണക്കിലെടുത്തു മാത്രമേ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സാധ്യതയുള്ളൂ.

കർണാടകയിൽ എഴുപതിലേറെ പുതുമുഖ സ്ഥാനാർഥികളെയാണ് ബിജെപി പരീക്ഷിച്ചത്. 224 സ്ഥാനാർഥികളിൽ 30 ശതമാനം വരും ഇവർ. എന്നാൽ, സ്ഥാനാർഥികളിൽ മാത്രം പുതുമ കൊണ്ടുവന്ന് ഭരണവിരുദ്ധ വികാരം മറികടക്കാൻ സാധിക്കില്ലെന്ന പാഠം കർണാടകയിൽ ബിജെപി പഠിച്ചുകഴിഞ്ഞു. വിജയം കണ്ട ഗുജറാത്ത് മാതൃകയനുസരിച്ച്, മാറേണ്ടത് മന്ത്രിസഭയാണ്. മുഖ്യമന്ത്രി ഒഴികെ പല പ്രമുഖരും അടുത്ത വട്ടം തെരഞ്ഞെടുപ്പ് രംഗത്തുണ്ടാവില്ലെന്നു വേണം കരുതാൻ. അവരുടെ പിണക്കം മാറ്റാൻ മക്കൾക്കു സീറ്റ് നൽകാനാണു തീരുമാനമെങ്കിൽ, ജനങ്ങളുടെ പിണക്കം ഏറ്റുവാങ്ങേണ്ടി വരുമെന്ന ആശങ്ക ഇപ്പോൾ മുൻപെന്നത്തെക്കാളും ശക്തവുമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com