
കൊച്ചി: ഇന്ത്യയിൽ ക്യാൻസർ ബാധിച്ച് മരിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നുവെന്ന് പഠന റിപ്പോർട്ട്. അതേ സമയം പുരുഷന്മാരിലെ ക്യാൻസർ മരണത്തിൽ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകളാണ് പഠനത്തിൽ പുറത്തു വന്നിരിക്കുന്നത്. കൊച്ചി അമൃത ആശുപത്രിയിലെ ഡോക്റ്റർമാരാണ് പഠനം നടത്തിയത്.
സ്ത്രീകളുടെ മരണം 0.25 ശതമാനം വർധിച്ചപ്പോൾ പുരുഷന്മാരുടെ മരണം 0.19 ശതമാനം കുറഞ്ഞിട്ടുണ്ട്. 23 ഇനം ക്യാൻസറുകളിലാണ് ഈ പ്രവണത കണ്ടു വരുന്നത്. 2000 മുതൽ 2019 വരെ 12.85 ദശലക്ഷം പേരാണ് ക്യാൻസർ മൂലം ഇന്ത്യയിൽ മരിച്ചത്. അമെരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ ജെസിഒ ഗ്ലോബൽ ഓങ്കോളജി എന്ന ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അമൃത ആശുപത്രിയിലെ അജിൽ ഷാജി, ഡോ. പവിത്രൻ കെ. ഡോ. വിജയകുമാർ ഡി.കെ. എന്നിവരും ലോകാരോഗ്യ സംഘടനയുടെ ഭാഗമായ ഇന്‍റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസറിലെ ഡോ. കാതറിനും ചേർന്നാണ് പഠനം നടത്തിയത്.
ശ്വാസകോശം, സ്തനം, കോളോറെക്റ്റം, ലിംഫോമ, മൾട്ടിപ്പിൾ മൈലോമ, ഗോൾ ബ്ലാഡർ, പാൻക്രിയാസ്, കിഡ്നി എന്നിവയെ ബാധിക്കുന്ന ക്യാൻസറാണ് 19 വർഷത്തിനിടെ കൂടുതൽ മരണത്തിനു കാരണമായിരിക്കുന്നത്.
ഇതിൽ ഏറ്റവും കൂടുതൽ മരണത്തിനിടയാക്കിയിരിക്കുന്നത് പാൻക്രിയാസിനെ ബാധിക്കുന്ന ക്യാൻസറാണ്. സ്ത്രീകളിൽ 3.7 ശതമാനവും പുരുഷന്മാരിൽ 2.1 ശതമാനവുമാണ് മരണനിരക്ക്. അതേ സമയം ആമാശയം, ഈസോഫേഗസ്, ലുക്കീമിയ, ലാറിങ്സ്, മെലനോമ തുടങ്ങിയ ക്യാൻസറുകൾ മൂലമുള്ള മരണത്തിൽ കുറവുണ്ടായിട്ടുണ്ട്.
ഗ്ലോബൽ ഹെൽത് ഒബ്സർവേറ്ററിയുടെ സ്ഥിതി വിവരകണക്കുകൾ പ്രകാരമാണ് പഠനം നടത്തിയിരിക്കുന്നതെന്ന് അമൃത ആശുപത്രിയിലെ ക്യാൻസർ രജിസ്ട്രി ഹെഡ് അജിൽ ഷാജി പറയുന്നു.