

'മോദിയുടെ ഹനുമാന്‍', വിലപേശി വാങ്ങിയ 29ല്‍ 21 സീറ്റിലും മുന്നേറ്റം; അമ്പരപ്പിച്ച് ചിരാഗ് പാസ്വാന്‍
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റേയും നേതൃത്വത്തില്‍ എന്‍ഡിഎ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. എന്നാല്‍ ഇവര്‍ക്കൊപ്പം മറക്കാന്‍ പാടില്ലാത്ത മറ്റൊരു പേര് കൂടിയുണ്ട്. ബിഹാറിന്റെ യുവരക്തമായ ചിരാഗ് പാസ്വാന്‍. യുവമുഖമായി ഉയര്‍ത്തിക്കാട്ടിയ തേജസ്വി യാദവ് തകര്‍ന്നടിഞ്ഞ ഇടത്താണ് ഗംഭീര മുന്നേറ്റം നടത്തി ചിരാഗ് പാസ്വാന്‍ അമ്പരപ്പിച്ചിരിക്കുന്നത്.
ചിരാഗ് പാസ്വാന്‍ നേതൃത്വം വഹിക്കുന്ന ലോക് ജനശക്തി പാര്‍ട്ടി(രാം വിലാസ്) 29 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. വിലപേശിയാണ് ചിരാഗ് 29 സീറ്റുകള്‍ വാങ്ങിയത്. ഇതില്‍ 21 സീറ്റുകളിലും അദ്ദേഹം മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. അതായത് 72 ശതമാനം സ്‌ട്രൈക്ക് റേറ്റ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ച് സീറ്റുകളിലും വിജയിച്ച് പാസ്വാന്‍ തന്റെ കരുത്ത് തെളിയിച്ചിരുന്നു.
എന്നാല്‍ 2020 നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ ചിരാഗിന് ആയിരുന്നില്ല. ജെഡിയും നേതാവ് നിതീഷ് കുമാറുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സ്വതന്ത്രരായാണ് മത്സരിച്ചത്. 130 സീറ്റില്‍ ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. എന്നാല്‍ മികച്ച വോച്ച് ഷെയര്‍ നേടാന്‍ പാര്‍ട്ടിക്കായി. കൂടാതെ പല മണ്ഡലങ്ങളിലും ജെഡിയുവിന്റെ പരാജയത്തിനും കാരണമായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 100 ശതമാനം വിജയത്തിന്റെ ബലത്തിലാണ് എന്‍ഡിഎയോട് വിലപേശി 29 സീറ്റുകള്‍ ചിരാഗ് സ്വന്തമാക്കിയത്. 43 കാരനായ ചിരാഗ് ബിഹാറിന്റെ യുവ മുഖമായാണ് തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നത്. യുവ ബിഹാറി എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഉപമുഖ്യമന്ത്രിസ്ഥാനത്തിന് ചിരാഗ് ആവശ്യം ഉന്നയിച്ചിരുന്നു. മിന്നും വിജയം നേടിയതോടെ ചിരാഗിന്റെ ആവശ്യം തള്ളിക്കളയാനും എന്‍ഡിഎയ്ക്കാവില്ല. ബിഹാര്‍ രാഷ്ട്രീയത്തിലെ അതികായനായി കണക്കാക്കപ്പെടുന്ന രാം വിലാസ് പസ്വാന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാനുള്ള വ്യക്തിപ്രഭാവമോ രാഷ്ട്രീയ തന്ത്രജ്ഞതയോ ചിരാഗിന് ഇല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ട് കഠിനാധ്വാനത്തിലൂടെ ബിഹാര്‍ രാഷ്ട്രീയത്തിലെ തന്റെ പ്രാധാന്യം ഉറപ്പിച്ചിരിക്കുകയാണ് ചിരാഗ്.