
# ഇ.ആർ. വാരിയർ
ഒത്തുപിടിച്ചാൽ മലയും പോരും എന്നാണു ചൊല്ല്. കർണാടകയിലെ കോൺഗ്രസ് നേതാക്കൾ അതു യാഥാർഥ്യമാക്കിയിരിക്കുന്നു. മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നവരാണ് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും. പക്ഷേ, അതിന്റെ പേരിൽ കോൺഗ്രസിൽ സ്ഥിരം കാണാറുള്ള കാലുവാരലുകൾക്ക് അവർ തുനിഞ്ഞില്ല. അവർ ഒന്നിച്ചു നിന്നു, മറ്റു നേതാക്കൾ ഒപ്പം നിന്നു, ഒരു തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാവുന്ന ഏതാണ്ട് മുഴുവൻ ഘടകങ്ങളും അനുകൂലവുമായി. സ്വപ്നതുല്യമായ വിജയത്തിലേക്ക് കോൺഗ്രസ് കുതിച്ചുകയറി. അത് എക്സിറ്റ് പോളുകാരെ അമ്പരപ്പിച്ചിട്ടുണ്ട്, പല രാഷ്ട്രീയ നിരീക്ഷകരെയും ഞെട്ടിച്ചിട്ടുണ്ട്, സാധാരണ രാഷ്ട്രീയ പ്രവർത്തകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്നും വരാം. എന്നാൽ, ഈ വിജയം ശിവകുമാർ പ്രതീക്ഷിച്ചിരുന്നു എന്നുവേണം കരുതാൻ. എക്സിറ്റ് പോളുകൾ ഭൂരിപക്ഷവും തൂക്കുസഭ പ്രവചിച്ചപ്പോൾ തന്നെ അദ്ദേഹം പറഞ്ഞു-""ചുരുങ്ങിയത് 141 സീറ്റിൽ കോൺഗ്രസ് ജയിക്കും. കോൺഗ്രസിന് അനുകൂലമായ തരംഗമാണുള്ളത്. എക്സിറ്റ് പോളുകളുടെ സാംപിൾ സൈസുകൾ തീരെ ചെറുതാണ്. ഞങ്ങളുടെ സാംപിൾ സൈസ് വളരെ വലുതാണ്''. 130 മുതൽ 150 വരെ സീറ്റുകളാണ് സിദ്ധരാമയ്യ പ്രവചിച്ചത്. ശിവകുമാർ കണക്കുകൂട്ടിയതിന് തൊട്ടടുത്തു തന്നെ നിന്നു കോൺഗ്രസ്. അത് സിദ്ധരാമയ്യയുടെ പ്രതീക്ഷകൾക്ക് ഉള്ളിലുമായി. ഇത്ര ഭംഗിയായി തെരഞ്ഞെടുപ്പു കൈകാര്യം ചെയ്തു എന്നതാണ് പിസിസി അധ്യക്ഷന്റെയും മുൻ മുഖ്യമന്ത്രി കൂടിയായ പ്രതിപക്ഷ നേതാവിന്റെയും മികവ്.
ശിവകുമാറിനെപ്പോലൊരു സംഘാടകനും തന്ത്രജ്ഞനും സമീപകാല കോൺഗ്രസിന് ആവേശമാണ്, പ്രതീക്ഷയാണ്. സിദ്ധരാമയ്യയുടെ ജനപ്രീതിയും ശിവകുമാറിന്റെ നേതൃത്വവും ഒന്നിച്ചു ചേർക്കാൻ കോൺഗ്രസിനായപ്പോൾ നരേന്ദ്ര മോദിയിലെ ക്രൗഡ് പുള്ളറെ മാത്രം ആശ്രയിച്ച ബിജെപിക്ക് അടിതെറ്റി. യെദിയൂരപ്പയെ മാറ്റി ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കിയുള്ള ബിജെപിയുടെ പരീക്ഷണം അമ്പേ പാളി. പിണങ്ങിപ്പിരിഞ്ഞ ലിംഗായത്ത് നേതാക്കൾ വോട്ട് പിളർത്തി. ശക്തമായ സംസ്ഥാന നേതൃത്വമുണ്ടെങ്കിലേ നിയമസഭാ തെരഞ്ഞെടുപ്പുകൾ ജയിക്കാനാവൂ എന്നു കാണിച്ചു തന്നു കർണാടക. യെദിയൂരപ്പയ്ക്ക് യഥാർഥ പിൻഗാമിയെ കണ്ടെത്താൻ കഴിയാതിരുന്നത് ബിജെപിക്ക് എതിരായിട്ടുണ്ട്. സർവത്ര അഴിമതിയെന്ന കോൺഗ്രസ് ആരോപണവും പ്രചാരണത്തിൽ നിറഞ്ഞുനിന്നിരുന്നു. 40 ശതമാനം കമ്മിഷൻ സർക്കാർ എന്നായിരുന്നല്ലോ കോൺഗ്രസ് വിവരണം. ഇതു മറികടക്കാൻ പ്രാപ്തിയുള്ളതായിരുന്നില്ല ബൊമ്മൈയുടെ നേതൃത്വം.
സംസ്ഥാന നേതൃത്വത്തിന്റെ കരുത്ത് വിജയങ്ങൾ സമ്മാനിക്കുമെന്നത് കോൺഗ്രസിനാണ് ഏറ്റവും വലിയ പാഠമാകുന്നത്. സംസ്ഥാന നേതൃത്വങ്ങളെ തളർത്താതിരുന്നാൽ ഇനിയും അവർക്കു സാധ്യതകളുണ്ട്. ഈ വർഷം തന്നെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പു വരുന്നു. ഒപ്പം മധ്യപ്രദേശ്, ഛത്തിസ്ഗഡ് തെരഞ്ഞെടുപ്പുകളുമുണ്ട്. തെലങ്കാന നിയമസഭയിലേക്കും ഈ വർഷമാണ് ഇലക്ഷൻ. ഇവിടെയെല്ലാം സംസ്ഥാന നേതാക്കൾ ഒറ്റക്കെട്ടായി നിൽക്കുക എന്നത് കോൺഗ്രസിനു പ്രധാനമാണ്. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള വടംവലി കണ്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് കർണാടകയിലെ ഈ വിജയം. സച്ചിനും ഗെഹ് ലോട്ടും തെക്കുനിന്നുള്ള പാഠം ഉൾക്കൊള്ളുമോയെന്നു കണ്ടറിയണം.
വോട്ട് കാത്തു, സീറ്റ് പോയി
ദക്ഷിണേന്ത്യയിലെ ബിജെപിയുടെ കവാടം എന്നൊക്കെ പറയുമെങ്കിലും കോൺഗ്രസിന്റെ ശക്തികേന്ദ്രം തന്നെയാണ് കർണാടക. ഒരിക്കൽപ്പോലും ബിജെപി അവിടെ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടിയിട്ടില്ല. 2008ൽ യെദിയൂരപ്പ 110 സീറ്റ് നേടിയതാണ് ഏറ്റവും മികച്ച ഫലം. 2018ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോഴും അവർക്ക് 104 സീറ്റായിരുന്നു. കോൺഗ്രസ്, ജെഡിഎസ് പാർട്ടികളിൽ നിന്നു രാജിവച്ചു വന്ന നേതാക്കളാണ് പിന്നീട് ഭരിക്കാൻ അവസരം നൽകിയതും ഉപതെരഞ്ഞെടുപ്പു ജയിച്ച് ഭൂരിപക്ഷം ഉറപ്പിച്ചതും. 2018ൽ 36 ശതമാനം വോട്ടാണ് ബിജെപിക്കു കിട്ടിയത്. 80 സീറ്റുണ്ടായിരുന്ന കോൺഗ്രസിന് 38 ശതമാനത്തിലേറെ വോട്ടുണ്ടായിരുന്നു; മുപ്പത്തേഴിടത്ത് ജയിച്ച ജെഡിഎസിന് 18 ശതമാനത്തിലേറെയും. അന്ന് കുറഞ്ഞ വോട്ടിൽ കൂടുതൽ സീറ്റ് ബിജെപിക്കു കിട്ടി.
ഇക്കുറിയും ഇന്നലെ വൈകുന്നേരത്തെ കണക്കു വച്ച് 36 ശതമാനത്തോളം വോട്ട് ബിജെപിക്കുണ്ട്. പക്ഷേ, കോൺഗ്രസ് വോട്ട് 43 ശതമാനത്തിലേറെയായി. ജെഡിഎസിന്റേത് 13 ശതമാനമായി കുറഞ്ഞു. ജെഡിഎസ് വോട്ടുകൾ കോൺഗ്രസിലേക്കു പോയതാണ് പ്രധാനമായും തെരഞ്ഞെടുപ്പു ഫലം മാറ്റിമറിച്ചതെന്ന് ഈ കണക്കുകൾ വച്ച് ബിജെപി നേതാക്കൾ വാദിക്കുന്നുണ്ട്. ജെഡിഎസിന്റെ വൊക്കലിഗ വോട്ടുകോട്ടയ്ക്ക് ആഘാതമേൽപ്പിക്കാൻ ശിവകുമാർ എന്ന വൊക്കലിഗ നേതാവിനു കഴിഞ്ഞു എന്നതു വാസ്തവം. ജെഡിഎസ് വോട്ടുകൾക്കായി ബിജെപി നടത്തിയ നീക്കം എത്രകണ്ടു ഫലിച്ചിട്ടുണ്ടോ അതിന്റെ നേട്ടം ലിംഗായത്ത് വോട്ടുകളിലുണ്ടായ ചോർച്ചയോടെ ഇല്ലാതായി എന്നും കരുതണം. ജെഡിഎസിന്റെ ന്യൂനപക്ഷ വോട്ടുകളും കോൺഗ്രസ് പിടിച്ചിട്ടുണ്ട്.
മോദി ഫാക്റ്റർ
മറ്റെല്ലാ സംസ്ഥാനത്തും എന്നപോലെ കർണാടകയിലും ബിജെപിയുടെ പ്രചാരണം നയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. റാലികളും റോഡ് ഷോകളുമായി അദ്ദേഹം സംസ്ഥാനം നിറഞ്ഞുനിന്നു. ഭരണവിരുദ്ധ വികാരം അടിത്തട്ടിൽ വ്യക്തമാണെങ്കിലും മോദിയുടെ കരിസ്മയും വിശ്വസനീയതയും താമര വിരിയിക്കുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളിലൂന്നിയും ഇരട്ട എൻജിൻ ഭരണത്തിന്റെ പ്രയോജനം പറഞ്ഞും പ്രസംഗിച്ച മോദി അവസാന ദിവസങ്ങളിൽ സംസ്ഥാനം ഇളക്കിമറിക്കുന്ന പ്രചാരണമാണു നടത്തിയത്. ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനത്തിൽ പിടിച്ച് "ജയ് ബജ്റംഗ് ബലി' മുദ്രാവാക്യവും മോദി പ്രസംഗങ്ങളിൽ മുഴക്കി. ഹനുമാൻ ഭക്തർ കോൺഗ്രസിനെ തുടച്ചുനീക്കുമെന്നായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. ബിജെപിയുടെ കനത്ത തോൽവി മോദിയുടെ തോൽവിയായി വ്യാഖ്യാനിക്കാനാണ് കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ശ്രമിക്കുന്നത്.
എന്നാൽ, ഈ തോൽവി ലോക്സഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി ലോക്സഭാ ഇലക്ഷനിൽ പ്രതിഫലിക്കണമെന്നില്ല. പ്രധാനമന്ത്രിയായാലും നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചോദിക്കുന്നതും പാർലമെന്റിലേക്കു വോട്ടു ചോദിക്കുന്നതും അതിന്റേതായ ഗൗരവത്തിൽ തിരിച്ചറിയാൻ ജനങ്ങൾക്കാവും. അത് മുൻപും തെളിഞ്ഞിട്ടുണ്ട്. 2018ലെ രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തിസ്ഗഡ് തെരഞ്ഞെടുപ്പുകളിൽ ജയിച്ചതു കോൺഗ്രസാണ്. പക്ഷേ, അടുത്ത വർഷത്തെ ലോക്സഭാ ഇലക്ഷനിൽ മോദിയും ബിജെപിയും സീറ്റുകൾ തൂത്തുവാരി. 2019ൽ ഡൽഹിയിലെ ഏഴു ലോക്സഭാ സീറ്റുകളും ബിജെപിയാണു പിടിച്ചത്. പിന്നാലെ വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയമായിരുന്നു എഎപിക്ക്.
ദക്ഷിണേന്ത്യയിൽ ബിജെപിയുടെ സംസ്ഥാന ഭരണം അവസാനിച്ചുവെങ്കിലും ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ അത് എത്രമാത്രം ബാധിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. എന്നാൽ, മാസങ്ങൾക്കകം ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഡിലും കോൺഗ്രസിന് ഈ ജയം ആവേശം പകരാം. മോദിയെ തോൽപ്പിക്കാമെന്ന വിശ്വാസം പകരുന്ന ഊർജം ചെറുതായി കാണേണ്ടതല്ല. അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജയിച്ച് ആത്മവിശ്വാസം പതിന്മടങ്ങായി വർധിപ്പിക്കാൻ ബിജെപിയും ശ്രമിക്കും. വരാനിരിക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ നാളുകൾ എന്നർഥം. എന്തായാലും ദേശീയ രാഷ്ട്രീയത്തിൽ കർണാടക ഒരു ചെറിയ മീനല്ല. 28 ലോക്സഭാ സീറ്റുകളുള്ള വലിയ സംസ്ഥാനമാണത്. അവിടെ ഇത്ര ഗംഭീര തിരിച്ചുവരവ് കോൺഗ്രസിനു പകരുന്ന ആവേശവും ചെറുതാവില്ല.