

70 ഏക്കർ ക്യാംപസ്, 75 ലക്ഷം ഫീസ്; ഡൽഹി സ്ഫോടനത്തിനു പിന്നാലെ സംശയമുനയിലായി അൽ-ഫലാ യൂണിവേഴ്സിറ്റി
ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിനു പിന്നാലെ സംശയമുനയിലായി അൽ-ഫലാ യൂണിവേഴ്സിറ്റി. ഭീകരാക്രമണം ആസൂത്രണം ചെയ്ത പ്രതികളെല്ലാം യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളായിരുന്നു. സ്ഫോടനത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഫരീബാദാബ് ധോജിലെ ക്യാംപസിൽ ഏതാണ്ട് 52 ഡോക്റ്റർമാരെ പൊലീസ് ചോദ്യം ചെയ്തു. ആക്രമണത്തിന്‍റെ ആസൂത്രകരായ ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. ഷഹീൻ ഷാഹിദ്, ഡോ. ഉമർ മുഹമ്മദ് എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതികൾ ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നുവെന്നും വലിയ അളവിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ധോജിൽ 70 ഏക്കറുകളിലായാണ് യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നത്. 2014ൽ ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററിന്‍റെയും തൊട്ടടുത്ത വർഷം യുജിസിയുടെയും അംഗീകാരം ലഭിച്ചു. അൽ-ഫലാ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ കീഴിലാണ് യൂണിവേഴ്സിറ്റി. 1995ൽ ആരംഭിച്ച സ്ഥപനം 1997ൽ എൻജിനീയറിങ് കോളെജ് ആരംഭിച്ചു. പി്നനീട് മെഡിക്കൽ സയൻസ്, ഹ്യുമാനിറ്റീസ്, കമ്പ്യൂട്ടർ സയൻസ്, വിദ്യാഭ്യാസം എന്നിവയിൽ കോഴ്സുകൾ ആരംഭിക്കുകയായിരുന്നു.
എംബിബിഎസ് പഠനത്തിനായി 74 ലക്ഷം രൂപയാണ് യൂണിവേഴ്സിറ്റി ഈടാക്കിയിരുന്നത്. യൂണിവേഴ്സിറ്റിയോട് ചേർന്ന് 650 ബെഡുകളോടു കൂടിയ ആശുപത്രിയുമുണ്ട്. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി അൽ-ഫലാ യൂണിവേഴ്സിറഅറി വൈസ് ചാൻസലർ പ്രൊഫ. ഡോ. ഭൂപീന്ദർ കൗർ ആനന്ദ് പറയുന്നു.