

ഡോ. ഷഹീൻ സയീദ്, ഡോ. ഹയാത്ത് സഫർ
ന്യൂഡൽഹി: അറസ്റ്റിലായ ഡോ. ഷഹീൻ സയീദ് മുൻപ് മതാചാരങ്ങളിൽ കാര്യമായി താത്പര്യം കാണിച്ചിരുന്നില്ലെന്നു മുൻ ഭർത്താവ് ഡോ. ഹയാത്ത് സഫർ. പുരോഗമന കാഴ്ച്ചപ്പാടായിരുന്നു അവർക്ക്. ഓസ്ട്രേലിയയിലേക്കോ യൂറോപ്പിലേക്കോ കുടിയേറണമെന്നായിരുന്നു അവരുടെ ആഗ്രഹമെന്നും ഹയാത്ത് സഫർ. 2012ൽ വേർപിരിഞ്ഞ ദമ്പതിമാർക്ക് രണ്ടു മക്കളുണ്ട്.
ലക്നൗവിലെ ദലിഗഞ്ച് സ്വദേശിയായ ഷഹീൻ ജയ്ഷ് ഇ മുഹമ്മദിന്‍റെ വനിതാ വിഭാഗമായ ജമാഅത്ത് ഉൾ മൊമിനത്തിന്‍റെ ഇന്ത്യയിലെ മേധാവിയായിരുന്നെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.
2012നുശേഷം ഷഹീനുമായി ഒരു ബന്ധവുമില്ലെന്നു ഡോ. ഹയാത്ത് സഫർ. ഞങ്ങളുടേത് വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു. പിരിഞ്ഞശേഷം മക്കൾ എനിക്കൊപ്പമാണ്. ഓസ്ട്രേലിയയിലേക്കു കുടിയേറുന്നതിൽ ഞാനും ഷഹീനുമായി ഭിന്നതയുണ്ടായിരുന്നു. മക്കൾ അവളോട് സംസാരിക്കാറില്ല. ഷഹീൻ പൾമൊണോളജി അധ്യാപികയായിരുന്നെന്നും 2006ലാണ് അവർ ബിരുദം പൂർത്തിയാക്കിയതെന്നും ഡോ. ഹയാത്ത് സഫർ.
ഷഹീന് രണ്ടു സഹോദരങ്ങളാണുള്ളത്. മൂത്തയാൾ ഷോയബ് അച്ഛൻ സയീദ് അഹമ്മദ് അൻസാരിക്കൊപ്പം താമസിക്കുന്നു. അനുജൻ പർവേസ് അൻസാരി.