
ന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായതിനെത്തുടർന്ന് ഡൽഹിയിൽ നവംബർ 13 മുതൽ 20 വരെ വാഹ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വനം, വന്യജീവി, പരിസ്ഥിതി വകുപ്പു മന്ത്രി ഗോപാൽ റായ് പറഞ്ഞു. ഒറ്റ, ഇരട്ടയക്ക നമ്പറുകളുള്ള വാഹനങ്ങൾ ഇടവിട്ട ദിവസങ്ങളിൽ മാത്രം തെരുവുകളിൽ ഇറങ്ങുന്ന രീതിയിലുള്ള ക്രമീകരണത്തെ ദീപാവലി കഴിഞ്ഞുള്ള ഒരാഴ്ച നടപ്പിലാക്കാനാണ് നിലവിലെ തീരുമാനം.
ഒറ്റയക്കത്തിൽ അവസാനിക്കുന്ന നമ്പറുകളോടു കൂടിയ വാഹനങ്ങൾ ഒറ്റയക്കം വരുന്ന തിയതികളിലും ഇരട്ടയക്കത്തിൽ അവസാനിക്കുന്നവ തൊട്ടടുത്ത തിയതിയിലും നിരക്കുകളിലിറങ്ങും. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിൽ നടത്തിയ ഉന്നത തല യോഗത്തിലാണ് തീരുമാനം. ട്രക്ക്, ഡീസൽ വാഹനങ്ങൾ നിരോധിച്ചിരിക്കുകയാണ്. നിയമലംഘനം നടത്തുന്നവർക്ക് പതിനായിരം രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം.
7, 9 തിയതികളിലായി കാറ്റിന്‍റെ വേഗം കൂടുമെന്നും അതിലൂടെ മലിനീകരണത്തിൽ ചെറിയ കുറവുണ്ടാകുമെന്നുമാണ് പ്രതീക്ഷ. തലസ്ഥാനത്തെ വായു നിലവാര സൂചിക തുടർച്ചയായ മൂന്നാം ദിവസവും 400ൽ അധികമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.