ന്യൂഡൽഹി: വേനൽക്കാലത്ത് കോടതിക്കുള്ളിൽ കറുത്ത കോട്ടും ഗൗണും ധരിക്കുന്നതിൽ ഇളവ് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. കോടതിയിൽ ഡ്രസ് കോഡ് ആവശ്യമാണെന്നും കുർത്തയും പൈജാമയുമിട്ട് അഭിഭാഷകർ കോടതിയിൽ വരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ആവശ്യം തള്ളിയെങ്കിലും ഹർജിക്കാരനായ ശൈലേന്ദ്ര മണി ത്രിപാഠിക്ക് ബാർ കൗൺസിൽ ഒഫ് ഇന്ത്യക്കും സ്റ്റേറ്റ് ബാർ കൗൺസിലുകൾക്കും കേന്ദ്ര സർക്കാരിനും നിവേദനം നൽകാവുന്നതാണെന്നു കോടതി വ്യക്തമാക്കി.
ഇതൊരു അച്ചടക്കത്തിന്‍റെ വിഷയമാണ്. ഷോർട്ട്സും ടീഷർട്ടും ഇട്ട് വാദിക്കുന്നത് അനുവദിക്കാനാവില്ല. രാജസ്ഥാനിലെയും ബംഗളൂരുവിലെയും കാലാവസ്ഥ ഒരുപോലെയല്ല. അതുകൊണ്ടു തന്നെ അതത് സംസ്ഥാന ബാർ കൗൺസിലുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെ എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കോടതി പരിഗണിക്കാൻ വിസമ്മതിച്ചതോടെ ത്രിപാഠി ഹർജി പിൻവലിച്ചു.