
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്നു പേരിട്ടതിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. രാജ്യത്തിന്‍റെ പേര് ഉപയോഗിച്ചതിനെതിരേ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണു കമ്മിഷൻ നിലപാട് അറിയിച്ചത്.
രാഷ്‌ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാൻ കമ്മിഷന് അധികാരമില്ല. 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം രാഷ്‌ട്രീയ കക്ഷിയുടെ രജിസ്ട്രേഷനിൽ മാത്രമേ ഞങ്ങൾക്ക് അധികാരമുള്ളൂ. സഖ്യങ്ങൾ നിയമപരമായ സ്ഥാപനങ്ങളല്ലെന്നും അവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷനു നിയമപരമായ വ്യവസ്ഥകളില്ലെന്നുമുള്ള കേരള ഹൈക്കോടതി വിധിയും കമ്മിഷന്‍റെ സത്യവാങ്മൂലത്തിൽ പരാമർശിച്ചു.
അതേസമയം, 'ഇന്ത്യ' എന്നു പേരു നൽകാമോ എന്നതിന്‍റെ നിയമസാധുതയെക്കുറിച്ചാണ് ഈ അഭിപ്രായമെന്നു കരുതേണ്ടതില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.