
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ പോളിങ്ങിനു തുടക്കമായി. ആദ്യഘട്ടമെന്നോണം മിസോറാമിലും ഛത്തീസ്ഗഡിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന ഏറ്റവും ചെറിയ സംസ്ഥാനമായ മിസോറാമില്‍ 40 നിയമസഭാ സീറ്റിലേക്ക് ഒരുമിച്ചാണ് വോട്ടെടുപ്പ്. 90 നിയമസഭാ സീറ്റുകളുള്ള ഛത്തിസ്‌ഗഡിൽ ആദ്യഘട്ടമായി 20 സീറ്റിൽ മാത്രമാണ് വോട്ടെടുപ്പ്. നക്സൽ ബാധിത മേഖലകളിൽ പ്രത്യേക സുരക്ഷ കണക്കിലെടുത്താണ് സംസ്ഥാനത്ത് വോട്ടെടുപ്പ് രണ്ടു ഘട്ടമാക്കിയിരിക്കുന്നത്.
ശേഷിക്കുന്ന 70 മണ്ഡലങ്ങളിലേക്ക് ഈ മാസം 17 ന് വോട്ടെടുപ്പ് നടക്കും. അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ അടുത്ത മാസം മൂന്നിന്.
കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഛത്തിസ്ഗഡിൽ പോരാട്ടം. സര്‍വേ ഫലങ്ങള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് അനുകൂലമാണ്. കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ പോരാടുന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാര്‍ട്ടി 57 മണ്ഡലങ്ങളിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നു. അതേസമയം, തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഡിലെ കാംകെറിൽ തിങ്കളാഴ്ച സ്ഫോടനം ഉണ്ടായി. ഒരു ബിഎസ്എഫ് കോൺസ്റ്റബിളിനും രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീർ, രാജ്നന്ദഗാവ് നാരായണ്‍പൂര്‍ എന്നീ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുന്നത്. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അര്‍ദ്ധ സൈനികവിഭാഗങ്ങളെയും സംസ്ഥാന പൊലീസിനെയും ജില്ലകളില്‍ പൂര്‍ണ്ണമായും വിന്യസിച്ചിട്ടുണ്ട്. പ്രശ്നബാധിതമായ 600 പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷ ഒരുക്കി. ഡ്രോൺ സുരക്ഷ അടക്കം ഏർപ്പെടുത്തിയിട്ടുണ്ട്.