
ബംഗളൂരു: ദിവസങ്ങളോളമായി ബംഗളൂരുവിനെ ഭീതിയിലാഴ്ത്തിയിരുന്ന പുലി പിടിയിലായി. മൂന്നു ദിവസം നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് ബൊമ്മനഹള്ളി വ്യവസായ മേഖലയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പിടികൂടിയത്. ബുധനാഴ്ച രാവിലെ പുലിയെ പിടികൂടാൻ നിയോഗിച്ച സംഘത്തിലെ ഒരു വെറ്ററിനറി ഡോക്റ്ററെ പുലി ആക്രമിച്ച് പരുക്കേൽപ്പിച്ചിരുന്നു. അതിനു പിന്നാലെ കുറ്റിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട പുലി പിന്നീട് വനംവകുപ്പിന്‍റെ വലയിൽ കുടുങ്ങുകയായിന്നു.
ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു പുലി എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഒക്റ്റോബർ 29ന് പുലി കുഡ്‌ലുവിലെ അപ്പാർട്മെന്‍റിലേക്ക് കയറുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. അതിനു ശേഷം പ്രദേശവാസികൾ ഭീതിയിലായിരുന്നു. പുലിയെ പിടി കൂടുന്നതിനായി വനം വകുപ്പ് വിവിധയിടങ്ങളിൽ കൂടുകൾ സ്ഥാപിച്ചിരുന്നു.
ഇവയ്ക്കു പുറമേ മൈസൂരുവിൽ നിന്ന് വിദഗ്ധരുടെ സേവനവും തേടിയിരുന്നു. രണ്ട് ഡ്രോൺ ക്യാമറകളും പുലിയെ നിരീക്ഷിക്കുന്നതിനായി പ്രവർത്തിപ്പിച്ചിരുന്നു. ബാനർഗാട്ട ദേശീയോദ്യാനത്തിൽ നിന്നാണ് പുലി നഗരത്തിൽ എത്തിയതെന്നാണ് നിഗമനം.