

നികിത നാഗ്ദേവ്
ന്യൂഡൽഹി: ഭർത്താവ് തന്നെ ഉപേക്ഷിച്ച് ഇന്ത്യയിൽ രഹസ്യമായി രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്നും നീതി ലഭിക്കാനായി സഹായിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് പാക്കിസ്ഥാനി യുവതി. കറാച്ചി സ്വദേശിയായ നികിത നാഗ്ദേവ് ആണ് വിഡിയോയിലൂടെ മോദിയോട് സഹായം അഭ്യർഥിച്ചിരിക്കുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ദീർഘകാല വിസയോടു കൂടി ഇന്ദോറിൽ താമസിക്കുന്ന പാക് വംശജനായ വിക്രം നാഗ്ദേവും നികിതയുമായി 2020 ജനുവരി 26നാണ് വിവാഹം കഴിച്ചത്. കറാച്ചിയിൽ ഹൈന്ദവാചാരം പ്രകാരമായിരുന്നു വിവാഹം. ഒരു മാസത്തിനു ശേഷം വിക്രം നികിതയുമായി ഇന്ത്യയിലെത്തി. പക്ഷേ ഒരു മാസത്തിനകം ജീവിതം കീഴ്മേൽ മറിയുകയായിരുന്നുവെന്ന് നികിത വിഡിയോയിൽ പറയുന്നു.
വിസയുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് 2020 ജൂലൈ 9ന് നികിതയെ അട്ടാരി അതിർത്തി വഴി കയറ്റി വിടുകയായിരുന്നു. അതിനു ശേഷം തന്നെ തിരിച്ചു കൊണ്ടു വരാൻ വിക്രം ശ്രമിച്ചിട്ടില്ലയെന്നാണ് നികിതയുടെ ആരോപണം. തന്നെ ഇന്ത്യയിലേക്ക് കൊണ്ടു വരണമെന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും വിക്രം നിരന്തരമായി നിരസിക്കുകയായിരുന്നുവെന്ന് നികിത പറയുന്നു.
പാക്കിസ്ഥാനിൽ തിരിച്ചെത്തിയപ്പോൾ ഭർത്താവിന്‍റെ മാതാപിതാക്കളുടെ സ്വഭാവം അപ്പാടെ മാറിയെന്നും തന്‍റെ ബന്ധുക്കളിൽ ഒരാളുമായി വിക്രമിന് വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തിയപ്പോൾ അതു സാധാരണയാണെന്നാണ് വിക്രമിന്‍റെ അച്ഛൻ പറഞ്ഞതെന്നും നികിത പറയുന്നു.
ഇപ്പോൾ ഡൽഹിയിലെ ഒരു സ്ത്രീയുമായി രണ്ടാമതും വിവാഹത്തിനൊരുങ്ങുകയാണ് വിക്രം. താനുമായുള്ള വിവാഹം നിയമപരമായി തുടരുമ്പോഴാണ് വിക്രം വീണ്ടും വിവാഹത്തിനൊരുങ്ങുന്നതെന്നും നികിത പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മധ്യപ്രദേശ് ഹൈക്കോടതിയുടെ സിന്ധി പഞ്ച് മീഡിയേഷൻ ആൻഡ് ലീഗൽ കൗൺസിൽ സെന്‍ററിന്‍റെ കീഴിലാണിപ്പോൾ കേസ്. വിക്രമിന് കേസുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. വിക്രമും നികിതയും ഇന്ത്യൻ പൗരന്മാരല്ലാത്ത സാഹചര്യത്തിൽ പാക് നിയമസംവിധാനമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും വിക്രമിനെ പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്നുമാണ് ലീഗൽ കൗൺസിൽ സെന്‍റർ ശുപാർശ ചെയ്യുന്നത്.
തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ സ്ത്രീകൾക്ക് നിയമത്തിലുള്ള വിശ്വാസം നഷ്ടപ്പെടും. ഭർത്താവിന്‍റെ വീട്ടിൽ നിരവധി പെൺകുട്ടികൾ മാനസികവും ശാരീരികവുമായ ഉപദ്രവങ്ങൾക്ക് ഇരയാകുന്നുണ്ട്. എല്ലാവരും എനിക്കൊപ്പം നിൽക്കണമെന്ന് അപേക്ഷിക്കുന്നുവെന്നും യുവതി പറയുന്നു.