
ന്യൂഡൽഹി: ഒക്റ്റോബർ ആദ്യവാരം മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ സംയുക്ത റാലി നടത്തുമെന്നു വിശാല പ്രതിപക്ഷ സഖ്യം " ഇന്ത്യ'. ഡൽഹിയിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്‍റെ വസതിയിൽ ചേർന്ന സഖ്യം ഏകോപന സമിതിയോഗത്തിലാണു തീരുമാനം.
വിലക്കയറ്റം, തൊഴിലില്ലായ്മ, ബിജെപി സർക്കാരിന്‍റെ അഴിമതി തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരിക്കും റാലിയെന്നു സഖ്യം. സീറ്റ് വിഭജന ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാനും 12 അംഗ ഏകോപന സമിതി തീരുമാനിച്ചു.
ജാതി സെൻസസ് ദേശീയ വിഷയമായി ഏറ്റെടുക്കാനും യോഗത്തിൽ തീരുമാനമായി. പവാറിനെ കൂടാതെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സിപിഐയുടെ ഡി. രാജ, എസ്പി നേതാവ് ജാവേദ് അലി ഖാൻ, ഡിഎംകെയിലെ ടി.ആർ. ബാലു, ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, എഎപി എംപി രാഘവ് ഛദ്ദ, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, ശിവസേനയുടെ സഞ്ജയ് റാവത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.