
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ആഘാതം വിട്ടു മാറാത്ത കർണാടക ബിജെപിയിൽ പൊട്ടിത്തെറികൾ രൂക്ഷമാവുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും നിയമസഭാ കക്ഷി നേതാക്കളെ പോലും തെരഞ്ഞെടുക്കാത്തതിൽ ബിജെപി എംൽഎമാർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്.
മുതിർന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെഡിയൂരപ്പ പങ്കെടുത്ത യോഗത്തില്‍ എംഎല്‍എമാര്‍ നേതാവിനെ തെരഞ്ഞെടുക്കാത്തതിലുള്ള കടുത്ത അതൃപ്തി അറിയിച്ചതായാണ് വിവരം.
ബംഗളൂരുവിൽ നടന്ന ആഭ്യന്തര യോഗത്തിൽ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാത്തതിനെച്ചൊല്ലി കോൺഗ്രസിന്‍റെ നിരന്തരമായ ആക്രമണം തങ്ങൾക്ക് നാണക്കേടുണ്ടാക്കുന്നതായി ബിജെപി എംപിമാർ വ്യക്തമാക്കി.
മാത്രമല്ല പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാതെ വരുന്ന ശീതകാല സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നും ബിജെപി എംഎൽഎമാർ വ്യക്തമാക്കിയതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അതേസമയം, തീരുമാനം പാർട്ടി ഹൈക്കമാൻഡിന് വിട്ടുവെന്നും അവർ തീരുമാനിക്കട്ടെയെന്നും യെഡിയൂരപ്പ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.