ന്യൂഡൽഹി: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരരെ നേരിടുന്നതിനിടെ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിങ് ഉൾപ്പെടെ നാലു ധീര ജവാന്മാർക്കു കീർത്തിചക്ര. മേജർ ജനറൽ മല്ലരാമ ഗോപാൽ നായിഡു, റൈഫിൾമാൻ രവികുമാർ (മരണാനന്തരം), ജമ്മു കശ്മീർ ഡിവൈഎസ്പി ഹുമയൂൺ മുസാമിൽ ഭട്ട് (മരണാനന്തരം) എന്നിവരാണു കീർത്തിചക്രയ്ക്ക് അർഹരായ മറ്റു മൂന്നുപേർ.
സമാധാനകാലത്ത് നൽകുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സൈനിക ബഹുമതിയാണു കീർത്തിചക്ര. സൈനിക, അർധസൈനിക വിഭാഗങ്ങൾക്കായി ആകെ 103 ധീരതാ പുരസ്കാരങ്ങളാണു രാഷ്‌ട്രപതി പ്രഖ്യാപിച്ചത്. കീർത്തിചക്ര കൂടാതെ 18 ശൗര്യചക്രകൾ (നാലു പേർക്ക് മരണാനന്തരം), ഒരു ബാർ ടു സേനാ മെഡൽ, 63 സേനാ മെഡലുകൾ, 11 നവ സേനാ മെഡലുകൾ, ആറു വായുസേനാ മെഡലുകൾ എന്നിവയും പ്രഖ്യാപിച്ചു.
കൂടാതെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 1037 പേർക്കു രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് വിശിഷ്‌ട സേവനത്തിന് അഞ്ചും സ്‌തുത്യർഹ സേവനത്തിന് 15ഉം പേർ മെഡലുകൾക്ക് അർഹരായി. സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങുകളിൽ മെഡൽ സമ്മാനിക്കും. പൊലീസ്, ഫയർ സർവീസ്, ജയിൽ വകുപ്പ് എന്നീ വിഭാഗങ്ങളിലാണ് കേരളത്തിനു മെഡൽ. എഡിജിപി എച്ച്ആർഐ വെങ്കടേഷ് ഹത്തേ ബെൽഗൽ (പൊലീസ്), സ്റ്റേഷൻ ഓഫിസർമാരായ വി.കെ ബിജു, ടി. ഷാജി കുമാർ, സീനിയർ ഫയർ റെസ്‌ക്യൂ ഓഫിസർ സി.വി. ദിനേശൻ (ഫയർ സർവീസ്), ജയിൽ സൂപ്രണ്ട് പി. വിജയൻ എന്നിവർക്കാണ് വിശിഷ്‌ട സേവനത്തിനുള്ള മെഡൽ.
സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾ
പൊലീസ്: ഡിവൈഎസ്പിമാരായ ടി.എസ്. സിനോജ്, ഫിറോസ് എം. ഷഫീഖ്, പ്രദീപ് കുമാർ അയ്യപ്പൻ പിള്ള, രാജ്‌കുമാർ പുരുഷോത്തമൻ, നജീബ് സുലൈമാൻ.
ഫയർ സർവീസ്: സ്റ്റേഷൻ ഓഫിസർ സി.കെ. മുരളീധരൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ കെ. ദിവുകുമാർ, കെ. ബിജു, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ (ഡ്രൈവർ) കെ. സുജയൻ.
ജയിൽ വകുപ്പ്: ഡെപ്യൂട്ടി സൂപ്രണ്ട് പി.എം. നരേന്ദ്രൻ, അസിസ്റ്റന്‍റ് സൂപ്രണ്ട് ജിആർഐ വി. അപ്പുക്കുട്ടി.