
ഗോഹട്ടി: മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നംഗ്യാൽ വാങ്ചുക്ക് അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി.
ഇന്ന് രാവിലെ ലോക്പ്രിയ ഗോപിനാഥ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വാങ്ചുക്കിനെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും മന്ത്രിസഭാംഗങ്ങളും ചേർന്നു സ്വീകരിച്ചു. അസമിന്റെ പരമ്പരാഗത രീതിയിലിലുള്ള ഗമോസ (തുവാല) ഭൂട്ടാൻ രാജാവിനു സമ്മാനിച്ചു. തുടർന്ന് ഗോഹട്ടിയിലെ നിലാചൽ മലയിലുള്ള കാമാഖ്യ ക്ഷേത്രത്തിലെത്തിയ വാങ്ചുക്കിന് ക്ഷേത്രം അധികൃതരും പൂജാരിമാരും അസം ടൂറിസം മന്ത്രി ജയന്ത മല്ല ബറുവയും ചേർന്ന് വരവേൽപ്പു നൽകി.
ബുദ്ധ പാരമ്പര്യത്തിലുള്ള മഞ്ഞ വസ്ത്രം ധരിച്ച വാങ്ചുക്ക് ക്ഷേത്രത്തിൽ തൊഴുതു പ്രദക്ഷിണം വച്ചശേഷം വിളക്ക് തെളിച്ചു. കുടുംബത്തോടൊപ്പം വീണ്ടും വരുമെന്നു പറഞ്ഞാണ് നാൽപ്പത്തിമൂന്നുകാരൻ വാങ്ചുക്ക് മടങ്ങിയത്. ഇന്നും അസമിൽ തുടരുന്ന വാങ്ചുക്ക് നാളെ ഡൽഹിയിലെത്തും.