കൊൽക്കത്ത: കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളെജിൽ കൊല്ലപ്പെട്ട യുവഡോക്ടർ നേരിട്ടത് അതിക്രൂര പീഡനമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ 14 ഇടത്ത് മുറിവുകളുണ്ട്. തല, കവിളുകൾ, ചുണ്ടുകൾ, മൂക്ക്, വലത് താടിയെല്ല്, താടി, കഴുത്ത്, ഇടതു കൈ, തോൾ, കാൽമുട്ട്, കണങ്കാൽ എന്നിവയിലും സ്വകാര്യ ഭാഗങ്ങളിലുമാണ് മുറിവുകൾ.
മുറിവുകൾ എല്ലാം തന്നെ മരണത്തിന് മുമ്പ് ഉണ്ടായതാണെന്നും ലൈംഗികാതിക്രമത്തിനുള്ള സാധ്യതയാണ് ഇതു വ്യക്തമാക്കുന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൈകൊണ്ട് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചതാണ് മരണകാരണം. ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടായി. ശരീരത്തിൽ പലയിടത്തും രക്തം കട്ടപിടിച്ചിട്ടുണ്ടെങ്കിലും ഒടിവുകളുടെ ലക്ഷണങ്ങളില്ല. കൂടുതൽ പരിശോധനയ്ക്കായി രക്തവും മറ്റു ശരീര സ്രവങ്ങളും പരിശോധനയ്ക്കായി അയച്ചു.
ഓഗസ്റ്റ് 9 നാണ് മെഡിക്കൽ കോളെജിലെ സെമിനാർ ഹാളിൽ 31കാരിയായ പിജി ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതിനെതിരെ രാജ്യമൊട്ടാകെ വ്യാപകമായ പ്രതിഷേധം നടക്കുകയാണ്. സംഭവത്തിൽ സിവിൽ പൊലീസ് വളണ്ടിയറായ സഞ്ജയ് റോയി അറസ്റ്റിലായി. എന്നാൽ ഒന്നിലധികം പ്രതികളുണ്ടെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബവും ഡോക്ടർമാരും പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിലും സഞ്ജയ് റോയിക്കു പുറമേ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുള്ളതായി ഇതുവരെ പൊലീസിനു തെളിവുകൾ ലഭിച്ചിട്ടില്ല. കൂടാതെ യുവതിയുടെ നഖത്തിൽനിന്നു കിട്ടിയ ത്വക്കിന്‍റെ ഭാഗങ്ങൾ പ്രതിയുടേതാണെന്നു വ്യക്തമായിട്ടുണ്ട്. കേസിൽ ഇടപെട്ട ഹൈക്കോടതി പൊലീസ് അന്വേഷണത്തെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ച ശേഷം അന്വേഷണം സിബിഐക്ക് വിട്ടു. ജനരോഷത്തിനിട മെഡിക്കൽ കോളെജ് ആശുപത്രി പ്രിൻസിപ്പൽ സന്ദീപ് ഘോഷ് രാജിവച്ചിരുന്നു.