
ചെന്നൈ: സനാതന ധർമ പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന തന്‍റെ പരാമർശത്തെ വംശഹത്യയെന്ന് വളച്ചൊടിച്ച് ശ്രദ്ധ തിരിക്കുകയാണ് മോദിയും കൂട്ടരും. ഒരു തരത്തിൽ തനിക്കവരോട് സഹതാപമാണ് തോന്നുന്നതെന്നും ഉദയനിധി കൂട്ടിച്ചേർത്തു.
തനിക്കെതിരേയുള്ള കേസുകൾ എല്ലാം പാർട്ടി പ്രസിഡന്‍റിന്‍റെയും ഹൈകമാൻഡിന്‍റെയും ഉപദേശങ്ങൾ അനുസരിച്ച് നിയമപരമായി തന്നെ നേരിടാനാണ് തീരുമാനം. തന്‍റെ തല വെട്ടാൻ പ്രതിഫലം പ്രഖ്യാപിച്ച സന്യാസിയുടെ കോലം കത്തിച്ചോ അയാൾക്കെതിരേ കേസുകൾ നൽകിയോ വിലയേറിയ സമയം നശിപ്പിക്കരുതെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ 9 വർഷത്തിനിടെ മോദി സർക്കാർ വാഗ്ദാനം ചെയ്ത യാതൊന്നും നടപ്പാക്കാനായിയിട്ടില്ല. നമ്മുടെ ക്ഷേമത്തിനായി ബിജെപി സർക്കാർ എന്താണ് ചെയ്തിട്ടുള്ളത് എന്ന ചോദ്യമാണ് നിലവിൽ ഉയരുന്നത്. ആ സാഹചര്യത്തിലാണ് തന്‍റെ പരാമർശത്തെ വളച്ചൊടിച്ച് വിവാദമാക്കി സ്വയം സംരക്ഷിക്കുന്നതിനുള്ള ഒരു ആയുധമായി ഉപയോഗിക്കുന്നതെന്നും ഉദയനിധി ആരോപിച്ചു.
സനാതന ധർമത്തെക്കുറിച്ച് താൻ നടത്തിയ പരാമർശത്തെ വളച്ചൊടിച്ച് നൽകിയ വാർത്തയിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും തനിക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെടുന്നതെന്നും ഉദയനിധി പറഞ്ഞു. യഥാർഥത്തിൻ ഉത്തരവാദിത്തപ്പെട്ട പദവികളിൽ ഇരുന്നു കൊണ്ട് തെറ്റിദ്ധാരണ പടർത്തുന്നവർക്കെതിരേ ഞാനാണ് നിയമനടപടി സ്വീകരിക്കേണ്ടത്. എന്നാൽ അതവരുടെ അതിജീവനത്തിനുള്ള ഉപാധിയാണെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് നിയമപരമായ നടപടി വേണ്ടെന്ന് ഞാൻ തീരുമാനിച്ചതെന്നും ഉദയനിധി. ഡിഎംകെ എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും എല്ലാവരും തുല്യരാണെന്ന് പഠിപ്പിക്കുന്നതുമായ പാർട്ടിയാണ്. ഇതൊന്നും മനസ്സിലാക്കാതെയാണ് മോദിയും കൂട്ടരും വിവാദത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിനുള്ള ആയുധമായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഉദയനിധി പറഞ്ഞു.