മധ്യപ്രദേശിലെ 'ഇന്ത്യ' സഖ്യത്തിൽ വിള്ളൽ: എഎപിയും എസ്‌പിയും വെവ്വേറെ മത്സരിക്കും

സമാജ്‌വാദി പാർട്ടി ഏഴും ആം ആദ്‌മി പാർട്ടി പത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, കോൺഗ്രസിനു തിരിച്ചടി
ഇന്ത്യ സഖ്യത്തിന്‍റെ യോഗ സ്ഥലത്തുനിന്ന്.
ഇന്ത്യ സഖ്യത്തിന്‍റെ യോഗ സ്ഥലത്തുനിന്ന്.ഫയൽ ചിത്രം

എ.ജി. വല്ലഭൻ

ഭോപ്പാൽ: വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ', ഒക്ടോബർ ആദ്യ വാരം മധ്യപ്രദേശിലെ ഭോപ്പാലിൽ റാലിയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയവും നടത്താനിരിക്കേ, ആം ആദ്‌മി പാർട്ടി, സമാജ്‌വാദി പാർട്ടി സ്വന്തം നിലയ്ക്ക് സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടു.

ബിജെപിയും ബി‌എസ്‌പിയും നേരത്തെ സ്ഥാനാർഥിപ്പിട്ടക തയാറാക്കിയിരുന്നു. ഇവർ അതത് മണ്ഡലങ്ങളിൽ പ്രചാരണവും തുടങ്ങി.

മധ്യപ്രദേശിലെ പ്രതിപക്ഷ സഖ്യത്തിലുള്ളവർ തെരഞ്ഞെടുപ്പിൽ വെവ്വേറെ മത്സരിക്കുന്ന രീതിയിലാണ് ഇതുവരെ കാര്യങ്ങളുടെ പോക്ക്. നവംബർ-ഡിസംബർ മാസങ്ങളിലായാണ് മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

ബിജെപിയും കോൺഗ്രസും തമ്മിലാണ് സംസ്ഥാനത്ത് പ്രധാന മത്സരം. 2018ലെ തെരഞ്ഞെടുപ്പിൽ സമാജ്‌‌വാദി പാർട്ടിക്കും ആം ആദ്മി പാർട്ടിക്കും സ്വാധീനമുള്ള പോക്കറ്റുകൾ കോൺഗ്രസിനു ഗുണം ചെയ്തിട്ടുണ്ട്. എന്നാൽ, ഇത്തവണ അവിടങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ തന്നെ ജയിപ്പിച്ചെടുക്കാനുള്ള നീക്കമാണ് ഇരുപാർട്ടികളും നടത്തുന്നത്.

മധ്യപ്രദേശിൽ വിശാല പ്രതിപക്ഷ ഐക്യം സാധ്യമാകില്ലെന്നു തന്നെയാണ് ബിജെപി കണക്കാക്കുന്നത്.

നേരത്തെ, സമാജ്‌വാദി പാർട്ടിയിൽ നിന്നുള്ള രാജേഷ് കുമാർ ശുക്ല ഛത്തർപൂരിലെ ബിജാവർ നിയമസഭാ സീറ്റിൽ നിന്നു ജയിച്ച ശേഷം ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന പന്ന, ഛത്തർപൂർ, ഭിൻഡ്, മൊറേന, ഗ്വാളിയർ, ദാതിയ, സത്‌ന, റേവ എന്നിവിടങ്ങളിൽ എസ്‌പിക്ക് സ്വാധീനമുണ്ട്. ഇതിൽ 13 ജില്ലകളിലെ 57 സീറ്റുകൾ എ ഗ്രേഡിൽ നിലനിർത്തി, ഏഴു സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ പ്രതിപക്ഷ സഖ്യമില്ലെന്നാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാമായൺ സിങ് പട്ടേൽ പറയുന്നത്. എല്ലാ സീറ്റുകളിലും തെരഞ്ഞെടുപ്പിനു തയാറെടുക്കുകയാണ്. അന്തിമ തീരുമാനം പാർട്ടി ദേശീയ പ്രസിഡന്‍റിന്‍റേതായിരിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.

വിന്ധ്യ മേഖലയിൽ ആം ആദ്മി പാർട്ടി അതിവേഗമാണ് വളർച്ച കൈവരിച്ചത്. സിംഗ്രൗലിയിൽ പാർട്ടിക്ക് ഒരു മേയറുമുണ്ട്. 10 സ്ഥാനാർഥികളെ അവർ നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രഖ്യാപിച്ചിരിക്കുകയാണ്. പാർട്ടി മേധാവിയും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഇവിടെ തുടർച്ചയായി യോഗങ്ങളും നടത്തിവരുന്നു. സത്‌നയ്ക്ക് ശേഷം സെപ്റ്റംബർ 18ന് രേവയിൽ റാലി നടത്താനും പരിപാടിയുണ്ട്. തെരഞ്ഞെടുപ്പിൽ പൂർണ ശക്തിയോടെ ഒറ്റയ്ക്ക് മത്സരിക്കുമെന്നാ എഎപി സംസ്ഥാന പ്രസിഡന്‍റും സിംഗ്രൗലി മേയറുമായ റാണി അഗർവാളിന്‍റെ പ്രഖ്യാപനം. 230 സീറ്റുകളിലും പാർട്ടിക്ക് സ്ഥാനാർഥികളുണ്ടാകുമെന്നും റാണി. രണ്ടാമത്തെ സ്ഥാനാർഥിപ്പട്ടികയും രണ്ടോ മൂന്നോ ദിവസത്തിനകം പുറത്തിറക്കാനാണ് ശ്രമം.

എസ്പിയും ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് പല സീറ്റുകളിലും ശക്തമാണ്. ഇത്തരമൊരു സാഹചര്യത്തിൽ സഖ്യമില്ലാത്തത് കോൺഗ്രസിന് കനത്ത ക്ഷീണം ചെയ്യും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com