ന്യൂഡൽഹി: രാജ്യത്ത് എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ സാഹചര്യത്തിൽ വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാൻ കേന്ദ്രം. തൽക്കാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തല്‍. വിമാനത്താവളങ്ങളിൽ അടക്കം കനത്ത ജാഗ്രത തുടരാനും നിർദേശമുണ്ട്. സംശയാസ്പദമായതും സ്ഥിരീകരിച്ചതുമായ കേസുകൾ കൈകാര്യം ചെയ്യാൻ തയ്യാറായിരിക്കാനും സ്‌ക്രീനിംഗും പരിശോധനകൾക്കായും ഐസൊലേഷൻ സൗകര്യങ്ങളും ഒരുക്കാന്‍ സംസ്ഥാനങ്ങൾ തയ്യാറായിരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.
രാജ്യത്ത് ഞായറാഴ്ചയാണ് ആദ്യ എംപോക്സ് സ്ഥിരീകരിച്ചത്. ആഫ്രിക്കയിൽ നിന്നെത്തിയ യുവാവിനായിരുന്നു രോഗം സ്ഥിരീകരിച്ചത്. യുവാവിന്‍റെ പരിശോധനാഫലം പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ ഐസൊലേഷനിൽ കഴിയുന്ന യുവാവിന്‍റെ നില തൃപ്തികരം. രോഗം വലിയതോതിൽ പടരാനുള്ള സാധ്യതയില്ലെന്നും ആരോഗ്യ ജാഗ്രതയുടെ ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. സാംപ്‌ൾ പരിശോധനയിൽ ക്ലാസ് 2 എം പോക്‌സ് വൈറസാണ് യുവാവിൽ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.