നവ്ജ്യോത് സിങ് സിദ്ദു ജയിൽമോചിതനായി

സിദ്ദുവിനെ സ്വീകരിക്കാൻ നിരവധി കോൺഗ്രസ് നേതാക്കൾ പാട്യാല ജയിലിനു പുറത്തെത്തിയിരുന്നു
നവ്ജ്യോത് സിങ് സിദ്ദു ജയിൽമോചിതനായി

പാട്യാല : കോൺഗ്രസ് നേതാവും ക്രിക്കറ്ററുമായ നവ് ജ്യോത് സിങ് സിദ്ദു ജയിൽമോചിതനായി. അടിപിടിയിൽ മർദ്ദനമേറ്റ് ഒരാൾ മരണപ്പെട്ട കേസിലാണു സിദ്ദു ജയിൽവാസം അനുഭവിച്ചത്. പാട്യാല ജയിലിൽ നിന്നും ശനിയാഴ്ച വൈകുന്നേരമാണു ജയിൽമോചിതനായത്. സിദ്ദുവിനെ സ്വീകരിക്കാൻ നിരവധി കോൺഗ്രസ് നേതാക്കൾ പാട്യാല ജയിലിനു പുറത്തെത്തിയിരുന്നു.

1988ലാണു കേസിനാസ്പദമായ സംഭവം. റോഡിൽ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സിദ്ദുവിന്‍റെ മർദ്ദനമേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഈ കേസിൽ ആദ്യം ഹൈക്കോടതി മൂന്നു വർഷം തടവ് വിധിച്ചു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സിദ്ദു ഇളവ് വാങ്ങി. തുടർന്നു മരണപ്പെട്ടയാളുടെ കുടുംബം സുപ്രീം കോടതിയിൽ പുനപരിശോധനാ ഹർജി നൽകി. ഈ ഹർജിയിൽ സിദ്ദുവിനെ ഒരു വർഷം കഠിനതടവിനു ശിക്ഷിക്കുകയായിരുന്നു.‌

കഴിഞ്ഞവർഷം മെയിലാണു സിദ്ദുവിന്‍റെ ജയിൽവാസം ആരംഭിച്ചത്. പത്തു മാസത്തിനു ശേഷം പുറത്തിറങ്ങാനായി. ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ആദ്യം ബിജെപിയിലും, പിന്നീട് കോൺഗ്രസിലും ചേർന്നു രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു അദ്ദേഹം. പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റുമായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com