
ന്യൂഡൽഹി: പാക്കിസ്ഥാൻ നിന്നു നിയന്ത്രിക്കുന്ന ഭീകര സംഘടന ഗസ്വ ഇ ഹിന്ദിനെതിരേ മൂന്നു സംസ്ഥാനങ്ങളിലെ അഞ്ചു കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ പരിശോധന. ബിഹാറിൽ പറ്റ്നയിലെ രണ്ടു കേന്ദ്രങ്ങളിലും ധർഭംഗയിലുമായിരുന്നു റെയ്ഡ്. ഗുജറാത്തിലെ സൂററ്റ്, ഉത്തർപ്രദേശിലെ ബറേലി എന്നിവിടങ്ങളിലും പരിശോധന നടന്നു. ഇവിടെ നിന്നു മൊബൈൽ ഫോണുകളും മെമ്മറി കാർഡുകളും സിംകാർഡുകളും കണ്ടെടുത്തു.
കഴിഞ്ഞ വർഷം ജൂലൈ 14ന് പറ്റ്നയിലെ ഫൂൽവരിഷെരീഫിൽ നിന്ന് മർഗൂബ് അഹമ്മദ് ഡാനിഷിനെ (താഹിർ) അറസ്റ്റ് ചെയ്തതിനെത്തുടർന്നായിരുന്നു ഗസ്വ ഇ ഹിന്ദിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. പാക്കിസ്ഥാനിൽ നിന്നു നിയന്ത്രിക്കപ്പെടുന്ന ഗസ്വ ഇ ഹിന്ദിനു വേണ്ടി താഹിർ അഡ്മിനായി വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. പാക്കിസ്ഥാനിൽ നിന്നുള്ള സെയിൻ എന്നയാളാണ് വാട്സാപ് ഗ്രൂപ്പുണ്ടാക്കിയത്. പാക്കിസ്ഥാനികളും ബംഗ്ലാദേശികളും യെമൻ സ്വദേശികളും ഈ ഗ്രൂപ്പിലുണ്ടായിരുന്നു.